കൂട്ടുകാരിയോടുള്ള സ്നേഹക്കൂടുതലിൽ ഭാര്യയ്ക്ക് ചില നിർബന്ധങ്ങൾ, ഇത് ക്രൂരതയെന്ന് കോടതി; ഭർത്താവിന് വിവാഹമോചനം

Advertisement

കൊൽക്കത്ത: കൂട്ടുകാരിയെയും കുടുംബത്തെയും ഭർത്താവിന്‍റെ താത്പര്യം നോക്കാതെ സ്ഥിരമായി കൂടെ താമസിപ്പിച്ചത് ക്രൂരതയുടെ പരിധിയിൽ വരുമെന്ന് കൽക്കട്ട ഹൈക്കോടതി. ഭർത്താവിന് കോടതി വിവാഹമോചനം അനുവദിച്ചു. വിവാഹമോചനമെന്ന ആവശ്യം തള്ളിയ കുടുംബ കോടതിയുടെ ഉത്തരവിനെതിരെയാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് യുവാവിന്‍റെ ആവശ്യം അംഗീകരിച്ച് ഉത്തരവിട്ടത്. യുവാവ് മാനസിക പീഡനം നേരിട്ടെന്നും വിവാഹമോചനം അനുവദിക്കാൻ മതിയായ കാരണങ്ങളുണ്ടെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

2005 ഡിസംബർ 15നാണ് ഇരുവരും വിവാഹിതരായത്. മിഡ്‌നാപൂർ ജില്ലയിലെ കോലാഘട്ടിലാണ് യുവാവിന്‍റെ ജോലി സ്ഥലത്തെ ക്വാർട്ടേഴ്സ്. ഇവിടെ ഭാര്യയുടെ കൂട്ടുകാരിയും കുടുംബാംഗങ്ങളും തന്‍റെ എതിർപ്പ് അവഗണിച്ച് സ്ഥിരതാമസം തുടങ്ങിയെന്നാണ് യുവാവിന്‍റെ പരാതി. യുവതി വീട്ടിൽ ഇല്ലാതിരുന്ന സമയത്തും യുവാവിന്‍റെ എതിർപ്പ് വകവെയ്ക്കാതെ ദീർഘകാലം കുടുംബവും കൂട്ടുകാരിയും വീട്ടിൽ താമസിച്ചത് ക്രൂരതയുടെ പരിധിയിൽ വരുമെന്ന് കോടതി നിരീക്ഷിച്ചു. വളരെക്കാലം ലൈംഗിക ബന്ധത്തിന് ഭാര്യ വിസമ്മതിച്ചെന്നും കൂട്ടുകാരിക്കൊപ്പമാണ് യുവതി കൂടുതൽ സമയം ചെലവഴിച്ചതെന്നും യുവാവ് കോടതിയിൽ പറഞ്ഞു.

2008 ലാണ് ഭർത്താവ് വിവാഹമോചനത്തിന് ഹർജി നൽകിയത്. വൈകാതെ യുവതി ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗാർഹിക പീഡന പരാതി നൽകി. ഈ കേസിൽ ഭർത്താവും കുടുംബാംഗങ്ങളും കുറ്റക്കാരല്ലെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. 2008 മുതൽ മറ്റൊരു വീട്ടിലാണ് ഭാര്യ താമസിച്ചിരുന്നതെന്നും ദാമ്പത്യ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഭാര്യ ആഗ്രഹിച്ചില്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. ഭർത്താവിനെതിരെ കള്ളക്കേസ് നൽകിയതും ക്രൂരതയുടെ പരിധിയിൽ വരുമെന്ന് വ്യക്തമാക്കിയാണ് കോടതി വിവാഹമോചനം അനുവദിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here