ഹൈദരാബാദ്. പുഷ്പ 2 അപകടത്തിന്റെ പശ്ചാത്തലത്തിൽ സിനിമാ മേഖലയിൽ നിന്നുള്ളവരുമായി നടത്തിയ ചർച്ചയിലും നിലപാടിൽ അയവ് വരുത്താതെ തെലങ്കാല മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സിനിമാമേഖലയ്ക്ക് മാത്രമായി പ്രത്യേകപരിഗണ നൽകില്ലെന്ന് രേവന്ത് റെഡ്ഡി തുറന്നടിച്ചു. പ്രത്യേക പ്രദർശനങ്ങൾ അനുവദിക്കില്ലെന്നും ആരാധകരുടെ പ്രവർത്തികൾക്ക് താരങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ്, തെലങ്കാന സിനിമ വികസന കോർപറേഷൻ ചെയർമാൻ ദിൽ രാജു നടൻ നാഗാർജുന തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രേവന്ദ് റെഡ്ഡി നിലപാട് ആവർത്തിച്ചത്. അല്ലു അരവിന്ദ് ഇരിക്കെത്തന്നെ ആരാധകരുടെ പ്രവർത്തികൾക്ക് താരങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് രേവന്ദ് റെഡ്ഡി വിമർശിച്ചു. തീയറ്ററിൽ എത്തുന്ന താരങ്ങൾക്കാകും തിരക്ക് നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വം.അല്ലു അർജുനെതിരായ കേസിൽ ഒരുവിട്ടുവീഴ്ചയുമുണ്ടാകില്ലെന്നതിന്റെ സൂചനയാണിത്. സിനിമ മേഖലക്ക് പ്രത്യേക പരിഗണന ഇല്ല, പ്രത്യേക പ്രദർശനങ്ങൾ അനുവദിക്കില്ല. സിനിമ സബ്‌സിഡി പിൻവലിച്ച തീരുമാനത്തിലും മാറ്റമില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. താരങ്ങളുടെ ബൗൺസർ സംഘങ്ങളുടെ വിവരം ഇനിമുതൽ സർക്കാരിന് കൈമാറണം. ബൗൺസർ സംഘങ്ങളിൽ ഇനി സർക്കാർ നിയന്ത്രണമുണ്ടാകും.
ക്ഷേത്ര ടൂറിസം, പരിസ്ഥിതി ടൂറിസം എന്നിവ സിനിമകളിൽ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദഹം ആവശ്യപ്പെട്ടു. ഒപ്പം ലഹരിഉപയോഗത്തിന് തടയിടാൻ സിനിമാ മേഖലയുടെ പിന്തുണയുണ്ടാകണമെന്ന ആവശ്യവും മുന്നോട്ടുവച്ചു. അതേസമയം കൂടിക്കാഴ്ച പോസിറ്റീവ് ആയിരുന്നു എന്നാണ് സിനിമാ മേഖലയിൽ ഉള്ളവരുടെ പ്രതികരണം.