ചെന്നൈ: തനിക്കൊപ്പം താമസിച്ച യുവതിയുമായി ബന്ധം പുലർത്തിയ സുഹൃത്തിനെ കൊലപ്പെടുത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അമിഞ്ചിക്കര എംഎംഡിഎ കോളനിയിൽ താമസിക്കുന്ന മോഹൻ റാം ആണ് അറസ്റ്റിലായത്. ഇയാളോടൊപ്പം താമസിച്ചിരുന്ന മീനാക്ഷി എന്ന യുവതിയെയും അമിഞ്ചിക്കര പൊലീസ് പിടികൂടി. മോഹൻറാമിന്റെ സുഹൃത്ത് ബാലചന്ദ്രനാണ് കൊല്ലപ്പെട്ടത്.
മോഹൻ റാമും മീനാക്ഷിയും ഏതാനും മാസങ്ങളായി ഒരുമിച്ചു താമസിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ഇവരുടെ വീട്ടിലെത്തിയ ബാലചന്ദ്രൻ രാത്രി അവിടെ തങ്ങുകയായിരുന്നു. പുലർച്ചെ ബാലചന്ദ്രനോടൊപ്പം മീനാക്ഷിയെ കണ്ടെത്തിയതിനെ തുടർന്ന് മോഹൻ റാം ഇരുവരെയും മർദിച്ചു. ഇയാളുടെ അടിയേറ്റ് വീണ ബാലചന്ദ്രനെ അയൽവാസികൾ ഉടൻ തന്നെ കിൽപോക് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.