മൈസൂരു: 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി സ്വന്തം അച്ഛനെ തലക്കടിച്ചുകൊന്ന മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കർണ്ണാടകയിലെ മൈസൂരു പെരിയപട്ടണ കൊപ്പ ഗ്രാമത്തിലെ ആനപ്പ (60) ആണ് മരിച്ചത്. സംഭവത്തിൽ മകൻ പാണ്ഡു (32) വിനെ ബൈലക്കുപ്പ പൊലീസ് അറസ്റ്റ് ചെയ്തു.
കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയിലെ അണ്ണയും മകനും ഒരുമിച്ചായിരുന്നു താമസം. അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊലപാതകം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
അച്ഛനെ കൊലപ്പെടുത്തി അപകടമരണമാക്കി മാറ്റാനായിരുന്നു മകന്‍റെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. ക്രിസ്മസിന്‍റെ പിറ്റേ ദിവസം, ഡിസംബർ 26 ന് അച്ഛൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടെന്ന് പാണ്ഡു ബൈലകുപ്പെ പൊലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ച് അറിയിക്കുകയായിരുന്നു. പൊലീസെത്തി ഗുല്ലേഡല വനമേഖലയിലെ റോഡരികിലുള്ള അണ്ണപ്പയുടെ മ്യതദേഹം ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പോസ്റ്റ് മോർട്ടത്തിൽ അണ്ണപ്പയുടെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
പുറകിൽ നിന്ന് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞു. തുടർന്നുള്ള പൊലീസിന്റെ ചോദ്യംചെയ്യലിലാണ് മകൻ താനാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചത്. ഡിസംബർ 25 ന് അണ്ണപ്പയെ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി മ്യതദേഹം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമായിരുന്നു പാണ്ഡു പിതാവിനെ റോഡിൽ കൊണ്ടുപോയി ഉപേക്ഷിച്ചത്.
കഴിഞ്ഞമാസമാണ് പാണ്ഡു അച്ഛന്റെ പേരിൽ 15 ലക്ഷത്തിന്റെ ഇൻഷുറൻസ് പോളിസിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. അപകടമരണം സംഭവിച്ചാൽ ഇരട്ടി നഷ്ടപരിഹാരം നൽകുന്ന വ്യവസ്ഥയും പോളിസിയിലുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.