ചണ്ഡിഗഡ്: കർഷക സംഘടനകൾ പ്രഖ്യാപിച്ച പഞ്ചാബ് ബന്ദ് പുരോഗമിക്കുന്നു. റോഡ്, റെയിൽ ഗതാഗതം വ്യാപകമായി തടസപ്പെട്ടു. പഞ്ചാബിലൂടെ ഓടുന്ന 163 ട്രെയിനുകൾ റദ്ദാക്കി. കർഷകരുമായി പഞ്ചാബ് സർക്കാർ നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു.
താങ്ങുവിലയ്ക്ക് നിയമ സാധുത നൽകണമെന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയും പഞ്ചാബിൽ ബന്ദ് പ്രഖ്യാപിച്ചത്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് നാല് മണി വരെ റെയിൽ, റോഡ് ഗതാഗതം തടയാനും കടകൾ അടച്ചിടാനുമാണ് ആഹ്വാനം. സംസ്ഥാന വ്യാപകമായി 280 ഇടങ്ങളിലാണ് കർഷകർ ട്രാക്ടറുകളുമായടക്കം എത്തി റോഡുകൾ തടഞ്ഞത്. ബസ് സർവീസുകളും മുടങ്ങിയതോടെ ജനജീവിതം സ്തംഭിച്ചു. റെയിൽ ഗതാഗതവും വ്യാപകമായി തടസപ്പെട്ടു. ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ് അടക്കം 163 ട്രെയിനുകളാണ് റദ്ദാക്കിയത്. 17 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. അത്യാവശ്യ സേവനങ്ങളെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം സമരം ചെയ്യുന്ന കർഷകരുമായി പഞ്ചാബ് സർക്കാർ രണ്ട് തവണ ചർച്ച നടത്തിയിട്ടും ഫലം കണ്ടില്ല. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നും പ്രത്യാഘാതം നേരിടാൻ തയ്യാറാണെന്നുമാണ് കർഷകരുടെ നിലപാട്. സമരത്തിന്റെ ഭാഗമായി ഖനൗരി അതിർത്തിയിൽ 35 ദിവസമായി നിരാഹാര സമരം തുടരുന്ന മുതിർന്ന കർഷക നേതാവ് ജഗ്ജീത് സിംഗ് ധല്ലേവാളിന്റെ ആരോഗ്യനില മോശമായി തുടരുകയാണ്. ധല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകാൻ സുപ്രീം കോടതി പഞ്ചാബ് സർക്കാറിന് നൽകിയ സമയം നാളെ അവസാനിക്കും. കേസ് നാളെ കോടതി പരിഗണിക്കുന്നുണ്ട്. അതിന് മുൻപ് ധല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് ശ്രമിച്ചാൽ സംഘർഷത്തിന് സാധ്യതയുണ്ട്.