അപൂർവയിനം പെരുമ്പാമ്പിനെ കയ്യിൽ ചുറ്റി വാഹനമോടിച്ച് യുട്യൂബർ; കേസ്, വിവാദം
ചെന്നൈ: വീണ്ടും വിവാദ നായകനായി യുട്യൂബർ ടി.ടി.എഫ്.വാസൻ. ഗതാഗത നിയമം ലംഘിച്ചതിനടക്കം ഒട്ടേറെ കേസുകളിൽ പ്രതിയായ വാസൻ, പാമ്പിനെ കയ്യിൽ ചുറ്റിയുള്ള വിഡിയോയുടെ പേരിലാണ് ഇത്തവണ നിയമക്കുരുക്കിലായത്. അരുമ ജീവിയായി പാമ്പിനെ വളർത്താൻ തീരുമാനിച്ചതായി ഏതാനും ആഴ്ച മുൻപ് യുട്യൂബ് വിഡിയോയിലൂടെ വാസൻ പ്രഖ്യാപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് അപൂർവ ഇനത്തിൽപെട്ട പെരുമ്പാമ്പിനെ കയ്യിൽ ചുറ്റി വാഹനമോടിക്കുന്നതും കഴുത്തിൽ അണിയുന്നതും അടക്കമുള്ള ദൃശ്യങ്ങളടങ്ങിയ വിഡിയോ വാസൻ പുറത്തിറക്കിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. അപൂർവ ഇനത്തിൽപെട്ട പാമ്പിനെ എവിടെ നിന്ന് ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.