ലഹോർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാൻ അനധികൃതമായി അതിർത്തി കടന്ന ഇന്ത്യൻ യുവാവ് പാക്കിസ്ഥാന്റെ തടവിൽ. യുവാവിനെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നു പെൺകുട്ടി പൊലീസിനെ അറിയിക്കുക കൂടി ചെയ്തതോടെ ആകെ കുരുക്കിലായിരിക്കുകയാണ് ഉത്തർപ്രദേശിൽ നിന്നുള്ള മുപ്പതുകാരൻ.
ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽനിന്നുള്ള ബാദൽ ബാബു എന്നയാൾ കഴിഞ്ഞയാഴ്ചയാണു പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മണ്ഡി ബഹാവുദീൻ ജില്ലയിൽ അറസ്റ്റിലായത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സന റാണിയെന്ന യുവതിയെ കാണാനും വിവാഹം കഴിക്കാനുമാണ് അതിർത്തി കടന്നതെന്നു ബാദൽ പാക്ക് പൊലീസിനു മൊഴി നൽകി.
എന്നാൽ രണ്ടര വർഷമായി ബാദലിന്റെ സുഹൃത്താണെങ്കിലും വിവാഹം ചെയ്യാൻ താൽപര്യമില്ലെന്നാണു യുവതി പൊലീസിനെ അറിയിച്ചത്. ഓഗസ്റ്റിലാണ് ഇയാൾ ഉത്തർപ്രദേശിലെ വീട്ടിൽനിന്ന് പോയത്. ഡൽഹിയിൽ ജോലി ലഭിച്ചുവെന്നു വീട്ടുകാരോട് പറഞ്ഞിരുന്നു. തുടർന്നുള്ള മാസങ്ങളിൽ വിഡിയോ കോളിലൂടെ നിരന്തരം വീട്ടുകാരുമായി ബന്ധപ്പെടുകയും ചെയ്തു.
പിന്നീട് വീട്ടുകാരെ അറിയിക്കാതെയാണ് ഇയാൾ പാക്ക് അതിർത്തി കടന്നത്. രേഖകളില്ലാതെ അതിർത്തി കടന്നതിന് പാക്ക് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ബാദലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. കേസ് ജനുവരി 10ന് വീണ്ടും പരിഗണിക്കും. ബാദലിന്റെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം അഭ്യർഥിച്ചിരിക്കുകയാണ് വീട്ടുകാർ.