ബെയ്ജിങ്: കോവിഡ് മഹാമാരി തീര്‍ത്ത ഭീതിയില്‍ നിന്നും പൂര്‍ണമോചനം വരുംമുമ്പേ ചൈനയില്‍ നിന്നും വീണ്ടും മറ്റൊരു വൈറസ് വ്യാപനത്തിന്റെ റിപ്പോര്‍ട്ടുകള്‍. ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) വ്യാപകമായി രോഗബാധ ഉണ്ടാക്കുന്നുവെന്നാണ് വിവരം.
കുട്ടികളെയും പ്രായമുള്ളവരെയുമാണ് ഈ വൈറസ് കാര്യമായി ബാധിക്കുന്നതെന്നാണ് വിവരം. ഫ്ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മല്‍ എന്നിങ്ങനെയോ ആദ്യം ശരീരത്തില്‍ കയറുന്ന വൈറസ് രോഗപ്രതിരോധശേഷി കുറവുള്ളവരില്‍ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും.
ന്യൂമോണിയ അടക്കമുള്ള പല രോഗങ്ങളും കുട്ടികള്‍ക്കിടയില്‍ വ്യാപകമാകുന്നുണ്ട്. എന്നാല്‍ ചൈനയോ ലോകാരോഗ്യ സംഘടനയോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.
ചൈനയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. നിരവധി മരണങ്ങളും സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാസ്‌ക് ധരിച്ച് ചികിത്സയ്ക്കായി എത്തിയ രോഗികളുടെ വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ അല്‍പം ആശങ്ക പടര്‍ത്തുന്നുണ്ട്. ചൈനയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. നിലവില്‍ എച്ച്എംപിവിക്ക് പ്രത്യേക ആന്റിവൈറല്‍ തെറപ്പിയോ മുന്‍കരുതല്‍ വാക്സീനോ ഇല്ല. അതേസമയം, എച്ച്എംപിവി മാത്രമല്ല, ഇന്‍ഫ്ളുവന്‍സ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങിയവയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ന്യൂമോവിരിഡേ ഗണത്തില്‍ പെട്ട എച്ച്.എം.പി.വി. ആദ്യമായി സ്ഥിരീകരിച്ചത് 2001ലാണ്.