ബംഗളുരു.സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയെ പൊലീസ് സ്റ്റേഷനകത്തുവെച്ച് പീഡിപ്പിച്ച ഡിഎസ്പിയെ 24 മണിക്കൂറിനുള്ളില്‍ തുറുങ്കിലടച്ച് കര്‍ണാടക പൊലീസ്. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ പൊലീസിനാകെ നാണക്കേടുണ്ടാക്കിയ സംഭവം കര്‍ണാടകയിലെ തുമകുരു പൊലീസ് സ്റ്റേഷനില്‍ നടന്നത്.
ഭൂമി തര്‍ക്ക പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിയെ പൊലീസ് സ്റ്റേഷനകത്തെ തന്റെ മുറിയില്‍ വെച്ച് ഡിഎസ്പി എ. രാമചന്ദ്രപ്പ ലൈംഗിക അതിക്രമത്തിനിരയാക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹപ്രവര്‍ത്തകരായ മറ്റ് പൊലീസ് സേനാംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ സംഭവം വന്‍ വിവാദമാകുകയും ഡിഎസ്പി ഒളിവില്‍ പോകുകയും ചെയ്തിരുന്നു. എന്നാല്‍, സംഭവം സംസ്ഥാനത്തെ പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയതോടെ എസ്പിയടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കേസില്‍ സജീവമായി ഇടപെടുകയും രാത്രിയോടെ തന്നെ ഡിഎസ്പിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് യുവതിയെ ഡിഎസ്പി പീഡിപ്പിച്ച അതേ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ ഡിഎസ്പി രാമചന്ദ്രപ്പയെ സഹപ്രവര്‍ത്തകര്‍ അടക്കുകയും ചെയ്തു. തുടര്‍ന്ന് രാത്രിയോടെ പ്രതിയെ മജിസ്ട്രേറ്റിനു മുന്നിലും പൊലീസ് ഹാജരാക്കി. പീഡനത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇരയായ യുവതിയെ അന്വേഷണ സംഘം നേരില്‍പോയി കണ്ട് അവരില്‍ നിന്നും പരാതി എഴുതി വാങ്ങിയായിരുന്നു പൊലീസ് സംഘത്തിന്റെ നടപടി.
ഡിഎസ്പി രാമചന്ദ്രപ്പ പരാതി പറയാനെത്തുന്ന സ്ത്രീകളോട് സ്ഥിരമായി അപമര്യാദയായി പെരുമാറാറുണ്ടോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. നിലവില്‍ 14 ദിവസത്തെ റിമാന്‍ഡില്‍ കഴിയുകയാണ് ഡിഎസ്പി രാമചന്ദ്രപ്പ.