റായ്പൂർ .ഛത്തീസ്ഗഡിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജമാക്കി പോലീസ്.കേസിലെ മുഖ്യപ്രതിയായ പ്രാദേശിക കോൺഗ്രസ് നേതാവ് സുരേഷ് ചന്ദ്രകറിനായി മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.കൊലപാതകത്തിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ആശങ്ക അറിയിച്ചു.
11 അംഗ പ്രത്യേക അന്വേഷണസംഘമാണ് മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രകറിന്റെ കൊലപാതകം അന്വേഷിക്കുന്നത്.കേസിലെ മുഖ്യപ്രതിയായ പ്രാദേശിക കോൺഗ്രസ് നേതാവ് സുരേഷ് ചന്ദ്രകറിൻ്റെ ബന്ധുവായ ദിനേഷ് ചന്ദ്രകർ, റിതേഷ് ചന്ദ്രകറെ കൂടാതെ മഹേന്ദ്ര റാംതക് എന്നിവരെയാണ് പോലീസ് ഇതുവരെ കേസിൽ അറസ്റ്റ് ചെയ്തത്.സുരേഷ് ചന്ദ്രകറിനായി അയൽ സംസ്ഥാനങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചു.ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു.ഈ മാസം ഒന്നാം തീയതി മുതൽ കാണാതായ മാധ്യമപ്രവർത്തകന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് സുരേഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തിയത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മുകേഷ് അവസാനമായി ഉണ്ടായിരുന്നത് സുരേഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ബസ്തറിൽ കരാറുകാരൻ സുരേഷ് ചന്ദ്രകറിൻ്റെ നിയന്ത്രണത്തിലുള്ള 120 കോടി രൂപയുടെ റോഡ് നിർമാണ പദ്ധതിയിലെ ക്രമക്കേടുകൾ വാർത്ത നൽകിയതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകൻ്റെ കൊലപാതകം