ചെന്നൈ: നയപ്രഖ്യാപന പ്രസംഗം വായിക്കാതെ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയ തമിഴ്നാട് ഗവർണറെ വിമർശിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഗവർണർ ആർ എൻ രവിയുടെ നടപടി ബാലിശമെന്നാണ് എം കെ സ്റ്റാലിൻ വിമർശിച്ചത്. സംസ്ഥാനത്തെ ജനങ്ങളെ ഗവർണർ തുടർച്ചയായി അവഹേളിക്കുകയാണെന്നും സ്റ്റാലിൻ ആഞ്ഞടിച്ചു.
ഭരണഘടനാപരമായ ചുമതലകൾ നിറവേറ്റാൻ മനസ്സില്ലെങ്കിൽ ആർ എൻ രവി എന്തിനാണ് ഗവർണർ പദവിയിൽ തുടരുന്നതെന്ന് സ്റ്റാലിൻ ചോദിച്ചു. മുൻ വർഷങ്ങളിൽ ഗവർണർ ചില ഭാഗങ്ങൾ വായിക്കാതെ വിട്ടതും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
സഭാ സമ്മേളനത്തിന്‍റെ തുടക്കത്തിൽ, ദേശീയ ഗാനം ആലപിക്കണമെന്ന നിർദേശം തള്ളിയതാണ് ആർ എൻ രവിയെ ചൊടിപ്പിച്ചത്. തമിഴ്നാട് നിയമസഭ ഭരണഘടനയെയും ദേശീയഗാനത്തെയും അപമാനിച്ചുവെന്ന് രാജ്ഭവൻ വിമർശിച്ചു. ദേശീയഗാനത്തെ ബഹുമാനിക്കുകയെന്നത് നമ്മുടെ ഭരണഘടന അനുശാസിക്കുന്ന മൗലിക കടമകളിലൊന്നാണ്. എല്ലാ സംസ്ഥാന നിയമസഭകളിലും സമ്മേളനത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ദേശീയഗാനം ആലപിക്കേണ്ടതുണ്ടെന്നും രാജ്ഭവൻ വിശദീകരിച്ചു. ഗവർണർക്ക് പകരം സ്പീക്കർ നയപ്രഖ്യാപന പ്രസംഗം വായിച്ചതിനു പിന്നാലെ, പതിവുപോലെ ദേശീയഗാനം ആലപിച്ചു. ഗവർണർക്കെതിരെ ഡിഎംകെ ഗെറ്റ്‍ഔട്ട് ക്യാംപെയിൻ തുടങ്ങി.