അഫ്​ഗാനിൽ പാക് വ്യോമാക്രമണം: അപലപിച്ച് ഇന്ത്യ, അയൽക്കാരെ കുറ്റപ്പെടുത്തുന്നത് സ്ഥിരം രീതിയെന്ന് വിമര്‍ശനം

Advertisement

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യ. സ്വന്തം ആഭ്യന്തര പരാജയങ്ങൾക്ക് അയൽക്കാരെ കുറ്റപ്പെടുത്തുന്നത് പാകിസ്ഥാൻ്റെ പിന്തുടരുന്ന രീതിയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള അഫ്ഗാൻ പൗരന്മാർക്ക് നേരെയുള്ള വ്യോമാക്രമണത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടു. നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടതെന്ന് എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിൽ പോസ്റ്റ് ചെയ്തു.

ഡിസംബർ 24ന് രാത്രി അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബർമാൽ ജില്ലയിലുണ്ടായ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 46 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ കുട്ടികളടക്കം നിരവധിപ്പേർക്ക് പരിക്കേറ്റതായി താലിബാൻ സർക്കാർ അറിയിച്ചു. പാക് വ്യോമാക്രമണം ഏഴ് ഗ്രാമങ്ങളെയാണ് ബാധിച്ചത്. ഒരു കുടുംബത്തിലെ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തെ തുടർന്ന് അതിർത്തിയിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയും ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തു.

അഫ്ഗാൻ സൈന്യവുമായുള്ള അതിർത്തി കടന്നുള്ള വെടിവയ്പിൽ ഒരു പാക്കിസ്ഥാൻ അർദ്ധസൈനിക വിഭാ​ഗം സൈനികൻ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാകിസ്ഥാൻ്റെ വ്യോമാക്രമണത്തിനെതിരെ നൂറുകണക്കിന് അഫ്ഗാനികൾ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് സംഭവം. പാകിസ്ഥാൻ്റെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയെയും അഫ്ഗാനിസ്ഥാനിലെ ഖോസ്ത് പ്രവിശ്യയെയും വേർതിരിക്കുന്ന അതിർത്തിയിൽ അതിർത്തി സേനകൾ തമ്മിൽ ഇടയ്ക്കിടെ ഏറ്റുമുട്ടലുകൾ ഉണ്ടാകാറുണ്ട്. അഫ്​ഗാനിൽ താലിബാൻ ഭരണത്തിലേറിയതിന് ശേഷം അക്രമ സംഭവങ്ങൾ വർധിച്ചതായാണ് റിപ്പോർട്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here