തിരുവനന്തപുരം: ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിൻറെ ഭാഗമായ വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിനിൽ നാഷണൽ സർവീസ് സ്‌കീമും (എൻഎസ്എസ്.) ഭാഗമാകുന്നു. മാലിന്യവും പാഴ് വസ്തുക്കളും വലിച്ചെറിയുന്നത് കുട്ടികളുടെ ക്യാമറ കണ്ണുകൾ പകർത്തും. തദ്ദേശഭരണ വകുപ്പും ശുചിത്വ മിഷനുമായി ചേർന്നാണ് എൻ.എസ്.എസ്. ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്.
സംസ്ഥാനത്തെ നാലായിരത്തോളം എൻഎസ്എസ് യൂണിറ്റുകളിലാണ് ക്യാമ്പയിൻ ആസൂത്രണം ചെയ്തിരിക്കുന്നത്. മൂന്നര ലക്ഷം എൻഎസ്എസ് വോളണ്ടിയർമാർ ഇതിന്റെ ഭാഗമാകും. മാലിന്യം പൊതുനിരത്തിൽ വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാലോ മാലിന്യക്കൂനകൾ കണ്ടാലോ അവ പകർത്തി 9446700800 എന്ന വാട്സ്ആപ്പ് നമ്പറിലേക്കും ഇതിനായുള്ള പ്രത്യേക ഇമെയിലിലേക്കും അയയ്ക്കും. ജനുവരി 15 നകം ഏറ്റവും കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്യുന്ന എൻഎസ്എസ് യൂണിറ്റിന് ജില്ലാതലത്തിൽ പാരിതോഷികം നല്കും.
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ക്യാമറ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ജനുവരി ഒന്നിന് ആരംഭിച്ച ‘വലിച്ചെറിയൽ വിരുദ്ധ’ വാരാചരണത്തിന്റെ ഭാഗമായാണ് നടപടി. നിയമലംഘകർക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിൻറെ എൻഫോഴ്‌സ്‌മെന്റ് ടീം വഴിയുള്ള നിയമ നടപടികൾ കൂടുതൽ ശക്തമാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം ബി രാജേഷ് നിർദ്ദേശം നൽകി.
ക്യാമ്പയിൻറെ ഭാഗമായി എല്ലാ സംഘടനകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും മറ്റ് കൂട്ടായ്മകളുടെയും പ്രതിനിധികളെയും പ്രദേശവാസികളെയും ഉൾപ്പെടുത്തിയാണ് ജനകീയ സമിതികൾ രൂപീകരിക്കുക. ഇതോടൊപ്പം മാലിന്യം ശേഖരിക്കാനുള്ള ബിന്നുകൾ പ്രധാന കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കുന്നുവെന്നും അവ കൃത്യമായി പരിപാലിക്കുന്നുവെന്നും ജനകീയ സഹകരണത്തോടെ ഉറപ്പാക്കും. മാലിന്യസംസ്‌കരണ രംഗത്ത് സംസ്ഥാനം രാജ്യത്തിന് മാതൃകയാകുമ്പോഴും, പൊതുവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത തുടരുന്ന സാഹചര്യത്തിലാണ് ജനകീയ ക്യാമ്പയിൻ ഏറ്റെടുക്കുന്നത്.
‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായിട്ടുള്ള സംസ്ഥാന വ്യാപക മാലിന്യ നിർമാർജ്ജന ക്യാമ്പയിൻ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങി മാർച്ച് 30 ന് അവസാനിക്കുന്ന വിപുലമായ ജനകീയ ക്യാമ്പയിനാണ് നടക്കുന്നത്.