പോരിനൊരുങ്ങി തലസ്ഥാനം; ഫെബ്രുവരി 5ന് ഡൽഹി പോളിങ് ബൂത്തിൽ, വോട്ടെണ്ണൽ 8ന്

Advertisement

ന്യൂഡൽഹി: ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്. ഒറ്റഘട്ടമായാണു വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിനാണു വോട്ടെണ്ണൽ. നാമനിർദേശപത്രിക നൽകാനുള്ള അവസാന തീയതി ജനുവരി 17. സൂക്ഷ്മപരിശോധന 18നും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 20നുമാണ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണു തീയതികൾ പ്രഖ്യാപിച്ചത്.

ഇവിഎം അട്ടിമറി ആരോപണങ്ങൾ കമ്മിഷനെ വേദനിപ്പിച്ചെന്നു മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. ഇത്തരം ആരോപണങ്ങൾ വോട്ടെണ്ണലിന്റെ വേഗം കുറച്ചു. ചോദ്യം ചെയ്യാനുള്ള അവകാശം അടിസ്ഥാനരഹിത പ്രചാരണം നടത്താനുള്ള അവകാശമല്ല. എല്ലാ ആരോപണങ്ങൾക്കും മറുപടിയുണ്ട്. എല്ലാ തെരഞ്ഞെടുപ്പുകളും സുതാര്യമാണ്. വോട്ടർമാർ നല്ല ധാരണയുള്ളവരാണ്. വോട്ടിങ് മെഷീനിൽ ഉൾപ്പെടെ അട്ടിമറി സാധ്യമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വന്ന ഫലങ്ങൾ വ്യത്യസ്തമാണ്.

വോട്ടർമാരെ ചേർക്കുന്നതും ഒഴിവാക്കുന്നതും ചട്ടപ്രകാരമാണ്. പട്ടിക തയാറാക്കുന്ന ഓരോ ഘട്ടത്തിലും രാഷ്ട്രീയ പാർട്ടികൾക്കു പങ്കാളിത്തമുണ്ട്. വോട്ടെടുപ്പിനു മുൻപും ശേഷവും ഇവിഎം പരിശോധിക്കാറുണ്ട്. ആർക്കും ഇവിഎം ഹാക്ക് ചെയ്യാനാകില്ല. അട്ടിമറി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. എല്ലാ പരാതികൾക്കും ആരോപണങ്ങൾക്കും കമ്മിഷന്റെ കയ്യിൽ ഉത്തരമുണ്ട്. മറുപടിക്ക് അവസരം നൽകാതെ വോട്ടർപട്ടികയിൽനിന്ന് ആരെയും ഒഴിവാക്കാറില്ല. ഉത്തരവാദിത്തമില്ലാത്ത ആരോപണമാണ് ഉയർന്നതെന്നും തീയതികൾ പ്രഖ്യാപിക്കുന്നു മുൻപ് രാജീവ് കുമാർ വ്യക്തമാക്കി.

ഏഴാം ഡൽഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കും. തുടർച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറാൻ ശ്രമിക്കുകയാണ് എഎപി (ആം ആദ്മി പാർട്ടി). ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായിനിന്നു മത്സരിച്ച കോൺഗ്രസും എഎപിയും ഇത്തവണ നേർക്കുനേർ പോരാടുകയാണ്. എങ്ങനെയും ഭരണം പിടിക്കാനുള്ള നീക്കമാണു ബിജെപിയുടേത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here