കളിചിരികള്‍ ദുരന്തത്തിന് വഴിമാറി… റീല്‍സ് ചിത്രീകരിക്കുന്നതിനിടെ സഹോദരങ്ങളടക്കം അഞ്ചുപേര്‍ ജലാശയത്തില്‍ മുങ്ങിമരിച്ചു…നൊമ്പരമായി അവസാന ദൃശ്യങ്ങള്‍

Advertisement

തെലങ്കാനയില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ സഹോദരങ്ങളടക്കം അഞ്ചുപേര്‍ ജലാശയത്തില്‍ മുങ്ങിമരിച്ചു. സിദ്ദിപേട്ടിലെ കൊണ്ടപൊച്ചമ്മ സാഗര്‍ ഡാമിന്റെ റിസര്‍വോയറില്‍ ശനിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം.
മുഷീറാബാദ് സ്വദേശികളായ ധനുഷ്(20) സഹോദരന്‍ ലോഹിത്(17) ബന്‍സിലാപേട്ട് സ്വദേശി ദിനേശ്വര്‍(17) കൈറാത്ബാദ് സ്വദേശി ജതിന്‍(17) സഹില്‍(19) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന കെ.മൃഗംങ്ക്(17) മുഹമ്മദ് ഇബ്രാഹിം(20) എന്നിവര്‍ രക്ഷപ്പെട്ടു. സുഹൃത്തുക്കള്‍ മുങ്ങിത്താഴുന്നത് കണ്ട് ഇരുവരും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമങ്ങള്‍ പാഴായി.
ശനിയാഴ്ച രാവിലെ രാവിലെ ഒമ്പത് മണിയോടെയാണ് ഏഴംഗ യുവാക്കളുടെ സംഘം റിസര്‍വോയറിലെത്തിയത്. ഏതാനും മണിക്കൂറുകള്‍ കരയില്‍ ചുറ്റി നടന്ന ശേഷം വെള്ളത്തിലിറങ്ങി വിഡിയോ ചിത്രീകരിക്കുകയായിരുന്നു. പിന്നാലെ റീല്‍സ് ചിത്രീകരിക്കാനായി കൂടുതല്‍ ആഴമുള്ള ഭാഗത്തേക്ക് നീങ്ങിയതോടെയാണ് ഇവര്‍ മുങ്ങിപ്പോയത്. ആദ്യം മുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കൂടുതല്‍പേര്‍ അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സംഘത്തിലുള്ളവര്‍ക്ക് നീന്തല്‍ അറിയില്ല എന്നാണ് പ്രാഥമിക നിഗമനം.
അപകടത്തില്‍നിന്ന് രക്ഷപ്പെട്ട രണ്ടുപേര്‍ പോലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചതോടെയാണ് അപകടവിവരം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരടക്കം സ്ഥലത്തെത്തി വൈകീട്ട് ഏഴുമണിയോടെ അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. മുഷീറാബാദില്‍ ഫോട്ടോഗ്രാഫറാണ് മരിച്ച ധനുഷ്. ദിനേശ്വരും ജതിനും ഡിപ്ലോമ കോഴ്സ് വിദ്യാര്‍ത്ഥികളുമാണ്. അതേസമയം, ഏഴംഗസംഘം യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളും റിസര്‍വോയറില്‍ ഇറങ്ങുന്നതിന് മുന്‍പ് കരയില്‍ സമയം ചെലവഴിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ കളിചിരികളാണ് പിന്നാലെ ദുരന്തത്തിന് വഴിമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here