മുംബൈ: ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്നും ഞായറാഴ്ചകളിലും ജോലി ചെയ്യണമെന്നുമുള്ള എൽ ആൻഡ് ടി ചെയർമാൻ എസ്എൻ സുബ്രഹ്മണ്യത്തിന്റെ വിവാദ പ്രസ്താവനക്ക് പിന്നാലെ സോഷ്യൽമീഡിയയിൽ പരിഹാസ പോസ്റ്റുകൾ. ‘ഭാര്യയെ നോക്കിയിരിക്കൂ’ എന്ന വാചകം സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
”ഞായറാഴ്ചകളിൽ നിങ്ങളെ ജോലി ചെയ്യിക്കാൻ സാധിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു. അതിന് സാധിച്ചാൽ ഞാൻ കൂടുതൽ സന്തോഷവാനായിരിക്കും. കാരണം ഞാൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നുണ്ട്. വീട്ടിലിരുന്ന് നിങ്ങൾ എന്താണ് ചെയ്യുന്നത്? എത്രനേരം നിങ്ങൾ നിങ്ങളുടെ ഭാര്യയെ നോക്കിയിരിക്കും? എത്രനേരം നിങ്ങൾ നിങ്ങളുടെ ഭർത്താവിനെ നോക്കിയിരിക്കും? ഓഫിസിൽ വന്ന് ജോലിയെടുക്കൂ”-എന്നാണ് സുബ്രഹ്മണ്യൻ ജീവനക്കാരോട് പറഞ്ഞത്.
പിന്നാലെ ആനന്ദ് മഹീന്ദ്ര, അദർ പൂനെവാലെ എന്നിവർ സുബ്രഹ്മണ്യത്തിനെതിരം രംഗത്തെത്തി. ഭക്ഷണ ഡെലിവറി ആപ്പായ സൊമാറ്റോയും വിമർശനത്തിൽ പങ്കുചേർന്നു. നിങ്ങൾക്ക് ഭാര്യ ഇല്ലെങ്കിൽ, ആപ്പിൽ ഓർഡർ ചെയ്ത ഭക്ഷണം വരുന്നത് നോക്കിയിരിക്കാൻ മടിക്കേണ്ടതില്ലെന്ന് സൊമാറ്റോ ട്വീറ്റ് ചെയ്തു. “നിങ്ങളുടെ ഭാര്യയെ നോക്കിയിരിക്കൂ” എന്ന ആശയത്തിൽ നിരവധി മീമുകളാണ് സോഷ്യൽമീഡിയയിൽ നിറഞ്ഞത്.
നടി ദീപിക പദുക്കോൺ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തി. ഈ ആശയം ഞെട്ടിപ്പിക്കുന്നതും അപ്രായോഗികവുമാണ്. ജോലി – ജീവിത സന്തുലിതാവസ്ഥയുടെയും മാനസികാരോഗ്യത്തിന്‍റെയും പ്രാധാന്യവും ദീപിക ചൂണ്ടിക്കാട്ടി.