ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയാൽ വിദ്യാസമ്പന്നരായ ഓരോ യുവാക്കൾക്കും ‘ യുവ ഉദാൻ യോജന ‘ പ്രകാരം ഒരു വർഷത്തേക്ക് 8,500 രൂപ നൽകുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്. തൊഴിൽരഹിതരായ യുവാക്കൾക്കുള്ള സാമ്പത്തിക സഹായം മാത്രമല്ല, അവർ പരിശീലിച്ച മേഖലയിൽ തൊഴിൽ ലഭ്യമാക്കുമെന്നും കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഫെബ്രുവരി അഞ്ചിന് ഡൽഹിയിലെ ജനങ്ങൾ പുതിയ സർക്കാരിനെ തെരഞ്ഞെടുക്കും. ഞങ്ങൾ ഡൽഹിയിലെ ജനങ്ങൾക്കായി ചില ഉറപ്പുകൾ അവതരിപ്പിക്കാൻ പോകുന്നു. വിദ്യാസമ്പന്നരും തൊഴിൽരഹിതരുമായ ഡൽഹിയിലെ യുവാക്കൾക്ക് ഒരു വർഷത്തേക്ക് പ്രതിമാസം 8,500 രൂപ നൽകുമെന്ന് ഉറപ്പ് നൽകുന്നതായും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് പ്രതിമാസ 2500 രൂപ സഹായം പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. പ്യാരി ദീദി യോജന എന്നാണ് പദ്ധതിക്ക് നൽകിയ പേര്.
ഡൽഹി നിവാസികൾക്കായി 25 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും നൽകുമെന്നും കോൺഗ്രസ് വ്യക്തമാക്കി. അതേസമയം, കോൺഗ്രസ് പ്രകടന പത്രിക ഇതുവരെ പുറത്തിറക്കിയിട്ടില്ല.