ചിക്കമംഗളൂരു: കുഴിച്ച് മൂടിയ ആയുധങ്ങളേക്കുറിച്ച് രഹസ്യവിവരം. കർണാടകയിലെ ചിക്കമംഗളൂരുവിൽ നിന്ന് പൊലീസ് കണ്ടെത്തിയത് എ കെ 56 റൈഫിൾ, 303 റൈഫിൾ, ബോർ ബാരൽ തോക്കുകൾ, നാടൻ തോക്കുകൾ, തിരകൾ. ജയപുര പൊലീസ് വെള്ളിയാഴ്ചയാണ് ചിക്കമംഗളൂരുവിലെ കാട്ടിൽ കുഴിച്ചിട്ട ആയുധങ്ങൾ കണ്ടെത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കർണാടകയിൽ കീഴടങ്ങിയ നക്സലുകളുടേതാണ് ഈ ആയുധ ശേഖരം.
വിവിധ ഇനങ്ങളിലായുള്ള 15 തോക്കുകളും ഇവയുടെ തിരകളുമാണ് കണ്ടെത്തിയിട്ടുള്ളത്. ആംസ് ആക്ടിലെ വിവിധ വകുപ്പുകൾ അനുസരിച്ച് സംഭവത്തിൽ കേസ് എടുത്തതായാണ് ജയപുര പൊലീസ് വിശദമാക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആയുധ ശേഖരം കണ്ടെത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. കീഴടങ്ങിയ നക്സലുകൾ വനമേഖലയിൽ മറ്റ് ഭാഗങ്ങളിൽ ആയുധങ്ങൾ ഇത്തരത്തിൽ സൂക്ഷിച്ചിട്ടുണ്ടോയെന്ന അന്വേഷണം പുരോഗമിക്കുകയാണ്.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുന്നിൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആറ് നക്സലുകൾ കീഴടങ്ങിയത്. ഇവരെ ബെംഗളൂരുവിലെ എൻഐഎ പ്രത്യേക കോടതി ജനുവരി 30 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. മഡിവാളയിലെ ടെക്‌നിക്കൽ സെല്ലിൽ ചിക്കമംഗളൂരു പൊലീസിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയ ശേഷം വിക്ടോറിയ ആശുപത്രിയിൽ ഇവരെ വൈദ്യപരിശോധനക്ക് വിധേയരാക്കിയിരുന്നു.
കീഴടങ്ങിയ നക്‌സലുകളായ ചിക്കമംഗളൂരു സ്വദേശി ലത മുണ്ടഗാരു, ദക്ഷിണ കന്നഡയിൽ നിന്നുള്ള സുന്ദരി കുട്‌ലൂർ, ചിക്കമംഗളൂരു സ്വദേശി വനജാക്ഷി ബലെഹോളൂർ, റായ്ച്ചൂരിൽ നിന്നുള്ള മാരെപ്പ അരോളി, വയനാട് സ്വദേശി ജിഷ, തമിഴ്‌നാട് വെല്ലൂരിൽ നിന്നുള്ള വസന്ത് എന്നിവരെ ബംഗളൂരു പരപ്പന അഗ്രഹാരയിലെ സെൻട്രൽ ജയിലിൽ പാർപ്പിക്കും.