ലോകത്തിലെ ഏറ്റവും വലിയ തീർത്ഥടക സംഗമമായ മഹാ കുംഭമേളക്ക് ഇന്ന് ഉത്തർ പ്രദേശിലെ പ്രയാഗ്രാജിൽ തുടക്കമാകും.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിലേക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തി ക്ഷണിച്ചു.144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേളയ്ക്കായി പ്രയാഗ് രാജിൽ വിപുലമായ ഒരുക്കങ്ങൾ ആണ് നടത്തിയിരിക്കുന്നത്.ഇന്ന് പൗഷ് പൂർണിമ മുതൽ ഫെബ്രുവരി 26ന് മഹാ ശിവരാത്രി വരെ 45 ദിവസങ്ങൾ നീണ്ടു നിൽക്കുന്നതാണ് ചടങ്ങുകൾ. ഇന്ന് മുതൽ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണി സംഗമത്തിലെ സ്നാനം തുടങ്ങും. 14 ന് മകര സംക്രാന്തി ദിനത്തിലും, 29 ന് മൗനി അമാവാസ്യ ദിനത്തിലും, ഫെബ്രുവരി 3 ന് വസന്ത പഞ്ചമി ദിനത്തിലും, ഫെബ്രുവരി 12 ന് മാഘി പൂർണിമ ദിനത്തിലും, ഫെബ്രുവരി 26 ന് മഹാ ശിവരാത്രി ദിനത്തിലുമാണ് തുടർന്ന് പ്രധാന സ്നാനങ്ങൾ നടക്കുക.പ്രയാഗ് രാജിൽ 12 കിലോമീറ്റർ നീളത്തിൽ സ്നാന ഘാട്ടുകൾ തയാറാക്കിയിട്ടുണ്ട്. ഡ്രോൺ നിരീക്ഷണവും വാച്ച് ടവറുമടക്കം വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്