മറ്റൊരാളുമായി അടുപ്പം, വാക്കുതർക്കം, ചെരിപ്പൂരി അടിച്ചു; ഭാര്യയെ നടുറോഡിൽ വെട്ടിക്കൊന്ന് യുവാവ്

Advertisement

ചെന്നൈ: അകന്നു കഴിയുന്ന ഭാര്യയെ റോഡിൽ ആളുകൾക്കു മുന്നിലിട്ടു വെട്ടിക്കൊന്ന സംഭവത്തിൽ യുവാവ് പിടിയിലായി. മേടവാക്കം നാലാം ക്രോസ് സ്ട്രീറ്റിൽ കഴിയുന്ന ജ്യോതി (37) കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് മണികണ്ഠൻ (42) ആണ് പിടിയിലായത്. ഏഴ് വർഷം മുൻപ് മണികണ്ഠനുമായി വേർപിരിഞ്ഞ് മൂന്ന് മക്കൾക്കൊപ്പം മേടവാക്കത്തു താമസിക്കുകയായിരുന്നു ജ്യോതി. മണികണ്ഠന്റെ സഹോദരിയുടെ ബന്ധുവായ കൃഷ്ണമൂർത്തിയുമായി (38) ഇവർക്ക് അടുപ്പമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതറിഞ്ഞ മണികണ്ഠൻ പലതവണ ബഹളമുണ്ടാക്കുകയും തനിക്കൊപ്പം വരണമെന്നും ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ജ്യോതി ഇതു നിരസിച്ചു.

ശനിയാഴ്ച ജ്യോതിയെ മണികണ്ഠൻ വിളിച്ചുവരുത്തി. ഇതനുസരിച്ച് പള്ളിക്കരണൈയിലെത്തിയെങ്കിലും ഇവിടെ വച്ചും മണികണ്ഠനുമായി വാക്കുതർക്കമുണ്ടതോടെ പ്രകോപിതയായ ജ്യോതി മണികണ്ഠനെ ചെരുപ്പൂരി അടിച്ച ശേഷമാണു മടങ്ങിയത്. വീട്ടിലെത്തി വിവരങ്ങൾ കൃഷ്ണമൂർത്തിയെയും അറിയിച്ചു. രാത്രി ഒൻപതിന് ഇയാൾക്കൊപ്പം ബൈക്കിൽ ജ്യോതി മേടവാക്കം കൂട്ട് റോഡ് ഭാഗത്തെത്തി മണികണ്ഠനുമായി വീണ്ടും ബഹളമുണ്ടാക്കി.

ഇതിനിടെ, മദ്യലഹരിയിലായിരുന്ന മണികണ്ഠൻ കത്തികൊണ്ട് ജ്യോതിയുടെ കഴുത്തിലും തലയിലും വയറിലും വെട്ടുകയായിരുന്നു. കൃഷ്ണമൂർത്തിയെയും ഇയാൾ ആക്രമിച്ചു. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജ്യോതി മരിച്ചു. ഗുരുതര പരുക്കേറ്റ കൃഷ്ണമൂർത്തി ചികിത്സയിലാണ്. കേസെടുത്ത മേടവാക്കം പൊലീസ് മണികണ്ഠനെ അറസ്റ്റ് ചെയ്തു. ബ്യൂട്ടീഷ്യനായിരുന്നു ജ്യോതി.

LEAVE A REPLY

Please enter your comment!
Please enter your name here