മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ടെമ്പോയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. നാസികിലെ ദ്വാരക സർക്കിളിൽ ഞായറാഴ്ച രാത്രി 7.30ഓടെയായിരുന്നു സംഭവം.
16 പേർ സഞ്ചരിച്ചിരുന്ന ടെമ്പോയാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. ഒരു മത ആഘോഷം കഴിഞ്ഞ് മടങ്ങിവരുന്നവരായിരുന്നു ടെമ്പോയിൽ ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ ടെമ്പോ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും മുന്നിലുള്ള വാഹനത്തിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഇരുമ്പ് കമ്പികൾ കൊണ്ടു പോവുകയായിരുന്ന ട്രക്കാണ് ടെമ്പോയ്ക്ക് മുന്നിൽ ഉണ്ടായിരുന്നത്. ഇതിന്റെ പിൻഭാഗത്തേക്കാണ് ടെമ്പോ ഇടിച്ചു കയറിയത്.
ടെമ്പോയിൽ ഉണ്ടായിരുന്ന പലരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. പരിക്കേറ്റവരിൽ പലരും അതീവ ഗുരുതരാവസ്ഥയിലാണെന്ന് പൊലീസ് അധികൃതർ പിന്നീട് വാർത്താ ഏജൻസിയോട് പറഞ്ഞു. പൊലീസും അഗ്നിശമന സേനയും പരിസരത്ത് തടിച്ചുകൂടിയ നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലും മറ്റ് ചില സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.