മഹാ കുംഭമേളയിലെ സവിശേഷ ദിനം, മകര സംക്രാന്തി! ഇന്ന് മൂന്ന് കോടി പേർ പുണ്യസ്നാനത്തിന് എത്തിയേക്കുമെന്ന് പ്രതീക്ഷ

Advertisement

പ്രയാഗ്‌രാജ്: മഹാ കുംഭമേളയുടെ രണ്ടാം ദിനമായ ഇന്ന് മകര സംക്രാന്തി ദിനത്തിലെ പവിത്ര സ്നാനം നടക്കും. 45 ദിവസം നീളുന്ന കുംഭമേളയിലെ ഏറ്റവും പ്രധാന ചടങ്ങുകളിലൊന്നാണിത്.മൂന്ന് കോടി പേ‍ർ ഇന്ന് സ്നാനത്തിനായി പ്രയാഗ്രാജിൽ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കുംഭമേള തുടങ്ങിയ ഇന്നലെ മാത്രം ഒന്നര കോടി ജനങ്ങളാണ് ത്രിവേണീ സംഗമത്തിലെ സ്നാനത്തിൽ പങ്കെടുത്തത് എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ തീർഥാടക സംഗമമായ മഹാ കുംഭമേളയ്‌ക്ക് പൗഷ് പൂർണിമ ദിനത്തിലെ ആദ്യത്തെ പുണ്യസ്‌നാനത്തോടെ തിങ്കളാഴ്‌ച പുലർച്ചെയാണ് തുടക്കമായത്. സവിശേഷമായ ‘ഷാഹി സ്‌നാൻ’ ചടങ്ങിനായി പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ മുതൽ ലക്ഷക്കണക്കിന് തീർത്ഥാടകർ ത്രിവേണീ സംഗമത്തിലെ പവിത്ര സ്നാനത്തിൽ പങ്കെടുത്തു. ചടങ്ങുകളോടനുബന്ധിച്ച് ക‌ർശന സുരക്ഷയാണ് മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രയാഗ്രാജിലും സമീപ പ്രദേശങ്ങളിലും മുപ്പതിനായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. എൻ ഡി ആർ എഫും കേന്ദ്രസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് എ ഐ ക്യാമറകളും വെളളത്തിനടിയിൽ പരിശോധന നടത്താൻ ഡ്രോണുകളുമുൾപ്പടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

അതിനിടെ മഹാകുംഭമേളയുടെ വിശേഷങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു പി മുഖ്യമന്ത്രി ആദിത്യനാഥും രംഗത്തെത്തി. കാലാതീതമായ സാംസ്കാരിക പൈതൃകത്തിൻറെ അടയാളമായ കുംഭമേള രാജ്യത്തെ ഐക്യമാണ് ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. കുംഭമേളയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് വലിയ സന്തോഷം നല്കുന്നുവെന്നും, പവിത്രമായ സംഗമം എണ്ണമറ്റ ജനങ്ങളെ ഒരുമിപ്പിക്കുകയും, കലാതീതമായ ഇന്ത്യയുടെ ആത്മീയ പൈതൃകവും ഐക്യവും ആഘോഷിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. യോഗിയാകട്ടെ മഹാ കുംഭമേളയുടെ വീഡിയോ അടക്കം പങ്കുവച്ചുകൊണ്ടാണ് സന്തോഷം പങ്കിട്ടത്. ലോകത്തിലെ ഏറ്റവും വലിയ ആധ്യാത്മിക സാസ്കാരിക ഒത്തുചേരലിനാണ് തുടക്കമായിരിക്കുന്നതെന്നും അദ്ദേഹം വിവരിച്ചു.

അടുത്ത ഒന്നര മാസത്തിനുള്ളിൽ ഏകദേശം 35 കോടി ആളുകളുടെ പങ്കാളിത്തമാണ്ണ് മഹാ കുംഭമേളയില്‍ പ്രതീക്ഷിക്കപ്പെടുന്നത്. 12 വർഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന പൂർണ കുംഭമേളയാണ് ഇക്കുറി മഹാ കുംഭമേളയായി ആഘോഷിക്കുന്നത്. ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള നടക്കുന്നത്. 45 ദിവസം നീണ്ടുനിൽക്കുന്ന മേളയ്‌ക്കായി സംസ്ഥാന ബജറ്റ് 7,000 കോടി രൂപയാണ് ചിലവഴിക്കുന്നത്. കഴിഞ്ഞ കുംഭമേളയിൽ 24 കോടി തീർഥാടകരാണുണ്ടായത്. ഇത്തവണത്തേത് മഹാ കുംഭമേളയതിനാൽ തന്നെ തിരക്ക് വർധിക്കും. പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here