ന്യൂഡൽഹി: യുപിഎസ്‌സി തട്ടിപ്പു കേസിൽ വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിനെതിരായ കടുത്ത നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ സുപ്രീം കോടതി. ഫെബ്രുവരി 14 വരെ പൂജയ്ക്കെതിരെ കടുത്ത നടപടികൾ പാടില്ലെന്നു ജസ്റ്റിസ് ബി.വി.നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഡൽഹി സർക്കാരിനും യുപിഎസ്‌സിക്കും ഇതു സംബന്ധിച്ച നോട്ടിസും സുപ്രീംകോടതി നൽകി. പൂജ ഖേദ്കറുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് കോടതിയുടെ ഇടപെടൽ. കേസ് ഫെബ്രുവരി 14ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
ഐഎഎസ് ലഭിക്കുന്നതിനായി ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകള്‍ എന്നിവയിൽ കൃത്രിമം കാട്ടിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പൂജ ഖേദ്കറിന്റെ ഐഎഎസ് സെലക്‌ഷൻ യുപിഎസ്‍സി റദ്ദാക്കിയത്. കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മിഷന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നൽകിയതിനു പിന്നാലെയായിരുന്നു നടപടി.
പുണെയിലെ സബ് കലക്ടറായിരുന്ന പൂജയുടെ അധികാര ദുർവിനിയോഗം വാർത്തയായതിനെ തുടർന്നാണ് തട്ടിപ്പുകൾ പുറത്തായത്. തുടർന്ന് ഇവരെ സ്ഥലം മാറ്റി. പിന്നാലെ ഇവരുടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികതയെക്കുറിച്ച് സംശയങ്ങളുയർന്നു. യുപിഎസ്‍സി പരീക്ഷയിൽ 841-ാം റാങ്കാണ് പൂജയ്ക്ക് ലഭിച്ചത്. അഹമ്മദ്‌നഗർ സ്വദേശിയായ പൂജ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായിരുന്നു.