നടൻ സെയ്ഫ് അലി ഖാനു കുത്തേറ്റു, ആക്രമണം ബാന്ദ്രയിലെ വീട്ടിൽവച്ച്; അടിയന്തര ശസ്ത്രക്രിയ

Advertisement

മുംബൈ ∙ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനു മോഷ്ടാവിന്റെ കുത്തേറ്റു. ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചു കയറിയ മോഷ്ടാവാണു പുലർച്ചെ രണ്ടരയോടെ നടനെ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നു ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

മറ്റു കുടുംബാംഗങ്ങളോടൊപ്പം ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം. ബഹളംകേട്ടു വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് ഓടിപ്പോയതായി പൊലീസ് പറഞ്ഞു. കേസ് റജിസ്റ്റർ ചെയ്തെന്നും പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ബാന്ദ്ര പൊലീസ് പറഞ്ഞു. ഒന്നിലേറെ സംഘങ്ങളാണു കേസ് അന്വേഷിക്കുന്നത്. സെയ്ഫിന് എന്തുമാത്രം പരുക്കുണ്ട് എന്നതിനെപ്പറ്റി പൂർണവിവരം ലഭ്യമായിട്ടില്ലെന്നും മുംബൈ ക്രൈംബ്രാഞ്ച് സമാന്തര അന്വേഷണം നടത്തുന്നതായും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

‘‘വീട്ടിൽ അജ്ഞാതനായ ഒരാൾ ആക്രമിച്ചതിനെ തുടർന്നു പുലർച്ചെ മൂന്നരയോടെയാണു സെയ്ഫിനെ ആശുപത്രിയിൽ കൊണ്ടുവന്നത്. 6 മുറിവുകളുണ്ട്. ഇതിൽ രണ്ടെണ്ണം ഗുരുതരമാണ്. നട്ടെല്ലിന് അടുത്തായി ഒന്നിലധികം പരുക്കുകളുണ്ട്. കഴുത്തിലും കുത്തേറ്റു. അഞ്ചരയോടെ തുടങ്ങിയ ശസ്ത്രക്രിയ തുടരുകയാണ്. ന്യൂറോസർജൻ, കോസ്മെറ്റിക് സർജൻ എന്നിവരുടെ സംഘമാണു ശസ്ത്രക്രിയ നടത്തുന്നത്. ഇതിനുശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂ’’– നടൻ ചികിത്സയിലുള്ള ലീലാവതി ആശുപത്രി സിഒഒ ഡോ.നീരജ് ഉറ്റാമനി പറഞ്ഞു.

2012ൽ വിവാഹിതരായ കരീന കപൂറും സെയ്ഫും മുംബൈയിലെ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരൺ കെട്ടിടത്തിലാണു താമസം. മക്കളായ തൈമൂർ (8), ജെഹ് (4) എന്നിവരാണു കൂടെയുള്ളത്. 1993ൽ പരമ്പര എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സെയ്ഫ് അലി ഖാൻ പട്ടൗഡി കുടുംബാംഗമാണ്. നടി ശർമിള ടഗോറിന്റെയും ക്രിക്കറ്റ് താരം മൻസൂർ അലി ഖാന്റെയും മകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here