സുരക്ഷാ ജീവനക്കാരനെ വെടിവച്ച് കൊലപ്പെടുത്തി 93 ലക്ഷം രൂപ കവര്‍ന്നു

Advertisement

കര്‍ണാടകയിലെ ബീദറില്‍ എടിഎം സുരക്ഷാ ജീവനക്കാരനെ വെടിവച്ച് കൊലപ്പെടുത്തി 93 ലക്ഷം രൂപ കവര്‍ന്നു. എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി പോയ വാഹനത്തിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നേരെയാണ് ബൈക്കിലെത്തിയ മോഷ്ടാക്കള്‍ വെടിയുതിര്‍ത്തത്.
എടിഎമ്മില്‍ പണം നിറയ്ക്കുന്ന സേവനങ്ങള്‍ നല്‍കുന്ന സിഎംഎസ് എന്ന ഏജന്‍സിയിലെ ജീവനക്കാരായ ഗിരി വെങ്കടേഷ്, ശിവകുമാര്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്. വെടിയേറ്റ ഗിരി വെങ്കടേഷ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ ശിവകുമാറിന്റെ നില ഗുരുതരമാണ്.
ഇന്ന് രാവിലെ ബിദാറിലെ ശിവാജി ചൗക്കിലുള്ള സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ പ്രധാന ശാഖയുടെ മുന്നിലായിരുന്നു സംഭവം. മോഷണ സംഘം എടിഎമ്മില്‍ പണം നിറയ്ക്കാനെത്തിയ വാഹനത്തെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. കറുത്ത വസ്ത്രങ്ങളും മുഖംമൂടിയും അണിഞ്ഞ് രണ്ട് ബൈക്കുകളിലായെത്തിയ മോഷ്ടാക്കള്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ മുളകുപൊടിയെറിഞ്ഞതിനുശേഷം വെടിയുതിര്‍ക്കുകയായിരുന്നു. മോഷ്ടാക്കള്‍ എട്ടു റൗണ്ടാണ് വെടിയുതിര്‍ത്തത്.
ആക്രമണത്തിനിടെ മോഷ്ടാക്കളെ പിടികൂടാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഇവര്‍ രക്ഷപ്പെടുകയായിരുന്നു. മുഖംമൂടിയും തൊപ്പിയും അണിഞ്ഞിരുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് അക്രമികളെ തിരിച്ചറിയാനായില്ല. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ച് സുരക്ഷ വര്‍ധിപ്പിച്ചു. കവര്‍ച്ചാ സംഘത്തിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.