വീട്ടിൽ പ്രസവം; ആദ്യം കുഞ്ഞ് മരിച്ചു, പിന്നാലെ 31കാരി അമ്മയും, കേസെടുത്ത് പൊലീസ്
ചെന്നൈ: വീട്ടിലെ പ്രസവത്തിനിടെ 31കാരിയും കുഞ്ഞും മരിച്ചു. യുവതിയുടെ നാലാമത്തെ പ്രസവമായിരുന്നു ഇത്. തമിഴ്നാട്ടിലെ റാണിപേട്ട് ജില്ലയിലെ അമ്മയുടെ വീട്ടിൽ വച്ചാണ് പ്രസവമെടുത്തത്. വീട്ടിൽ വെച്ചായിരുന്നു യുവതി തന്‍റെ മൂന്നാമത്തെ കുഞ്ഞിനെയും പ്രസവിച്ചത്.
ടി ജ്യോതി എന്ന യുവതിയും ചോരക്കുഞ്ഞുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ ജ്യോതിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. അമിതമായ രക്തസ്രാവമുണ്ടായിട്ടും ആശുപത്രിയിൽ എത്തിക്കാതെ വീട്ടിൽത്തന്നെ പ്രസവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജ്യോതിയുടെ അമ്മ വല്ലി പൊക്കിൾക്കൊടി മുറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രക്തസ്രാവമുണ്ടായത്. കുഞ്ഞ് ഉടൻ മരിച്ചു. ജ്യോതിക്ക് ബോധം നഷ്ടപ്പെട്ടു. തുടർന്ന് സഹോദരൻ ജ്യോതിയെ ആർക്കോട് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
ഒൻപത് വർഷം മുൻപ് വിവാഹിതരായ ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്- രണ്ട് പെൺമക്കളും ഒരു മകനും. ജ്യോതിയുടെ ഭർത്താവ് എസ് തമിഴ്സെൽവൻ (31) സേലം സ്വദേശിയാണ്. സംഭവത്തെ തുടർന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. യുവതിയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി വെല്ലൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. കുഞ്ഞിന് 2.8 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്നും സേലത്തെ റീപ്രൊഡക്റ്റീവ് ആൻഡ് ചൈൽഡ് ഹെൽത്ത് (ആർസിഎച്ച്) പ്രോഗ്രാമിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും റാണിപ്പേട്ട് ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
മരണ കാരണം കൃത്യമായി കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആരും വീട്ടിൽ പ്രസവത്തിന് ശ്രമിക്കരുതെന്നും അടിയന്തര ഘട്ടങ്ങളിൽ ഉടൻ വൈദ്യസഹായം തേടണമെന്നും റാണിപ്പേട്ടിലെ ആരോഗ്യ അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകി.