ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിനു നേരെ ആക്രമണ ശ്രമമെന്ന് ആരോപണം. കേജ്‌രിവാളിന്റെ വാഹനത്തിനുനേരെ കല്ലുപോലെയുള്ള വസ്തു പതിക്കുന്നതിന്റെ ദൃശ്യങ്ങൾ ആംആദ്മി പാർട്ടി പുറത്തുവിട്ടു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് എഎപി ആരോപിച്ചു.
ന്യൂഡൽഹി മണ്ഡലത്തിലാണ് സംഭവം. കേജ്‌രിവാളിനെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി പർവേഷ് വർമയുടെ ഗുണ്ടകൾ വാഹനം തടയാൻ ശ്രമിച്ചെന്നും വാഹനം മുന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിനുനേരെ കല്ലെറിഞ്ഞു എന്നുമാണ് എഎപി ആരോപിക്കുന്നത്. നേരത്തെയും തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കേജ്‌രിവാളിനുനേരെ ആക്രമണങ്ങളുണ്ടായിരുന്നു. മൂന്നു തവണയാണ് ആക്രമണശ്രമങ്ങളുണ്ടായത്.
ആരോപണങ്ങൾ നിഷേധിച്ച് പർവേഷ് വർമ രംഗത്തെത്തി. ചോദ്യങ്ങൾ ചോദിക്കാനെത്തിയവരെ അവഗണിച്ചുകൊണ്ട് കേജ്‌രിവാളിന്റെ വാഹനം മുന്നോട്ടുപോകുകയായിരുന്നുവെന്നും വാഹനം തട്ടി പരുക്കേറ്റ രണ്ടു യുവാക്കൾ ചികിത്സയിലാണെന്നും പർവേഷ് പറഞ്ഞു. കേജ്‌രിവാൾ ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടുകയാണെന്നും അദ്ദേഹം പറഞ്ഞു.