പ്രയാഗ്‌രാജ്: കുംഭമേളയിലെ ഐഐടി ബാബയെന്ന് അറിയപ്പെടുന്ന അഭയ് സിങ്ങിനോടു വീട്ടിലേക്കു തിരികെ വരണമെന്ന് ആവശ്യപ്പെട്ട് പിതാവ്. മുംബൈ ഐഐടിയിൽനിന്ന് എയറോസ്പേസ് എൻജിനീയറിങ് പഠിച്ചിറങ്ങിയ അഭയ് സിങ് മൾട്ടിനാഷനൽ കമ്പനികളിലെ ജോലിക്കു ശേഷമാണ് ആത്മീയതയിലേക്കു തിരിഞ്ഞത്. കുംഭമേളയ്ക്കിടെ അഭയ് സിങ്ങിന്റെ വിഡിയോകൾക്ക് വ്യാപക പ്രചാരണം ലഭിച്ചിരുന്നു. പിന്നാലെയാണ് അഭയിന്റെ പിതാവ്, അഭിഭാഷകനായ കരൺ ഗ്രെവാൾ മകനോട് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ടത്.
ഹരിയാനയിലെ ജാജ്ജർ ജില്ലയിലാണ് അഭയ് സിങ്ങിന്റെ സ്വദേശം. ചെറുപ്പത്തിലേ പഠനത്തിൽ മികവു പ്രകടിപ്പിച്ചിരുന്നയാളാണ് അഭയ് എന്നും പിതാവ് പറഞ്ഞു. ആറു മാസം മുൻപാണ് മകനുമായി അവസാനം സംസാരിച്ചത്. അതിനു പിന്നാലെ അവൻ കുടുംബവുമായി അകന്നു. മകൻ തിരികെ വരണമെന്നു കുടുംബം ആഗ്രഹിക്കുന്നുവെന്നു പിതാവ് വ്യക്തമാക്കി. ആത്മീയ ജീവിതം സ്വീകരിച്ചതിനാൽ പൂർണമായി തിരികെ വരാൻ പറ്റില്ലെന്ന വസ്തുതയും അവർ അംഗീകരിച്ചിട്ടുണ്ട്.
∙ കാണാതായെന്നു വാർത്ത; പറഞ്ഞുവിട്ടെന്ന് ബാബ
അതിനിടെ, അഭയിനെ മഹാ കുംഭമേളയിലെ ജുന അഖാരയുടെ ആശ്രമത്തിൽനിന്നു കാണാതായതായും വാർത്ത വന്നിരുന്നു. എന്നാൽ വാർത്ത തെറ്റാണെന്നും തന്നോട് സ്ഥലംവിട്ടുപോകാൻ ആശ്രമ അധികാരികൾ ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. മഡി ആശ്രമത്തിന്റെ അധികാരികൾ രാത്രിയിൽ എന്നോട് സ്ഥലം വിട്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു. ഞാൻ പ്രശസ്തനായത് അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കാം. അവരുടെ ചില കാര്യങ്ങൾ പുറത്തുപറയുമെന്ന ഭീതിയും ഉണ്ടായിരിക്കാം.
ഞാൻ രഹസ്യ ധ്യാനത്തിനു പോയെന്നാണ് അവർ പറഞ്ഞു പരത്തിയത്. അപ്പറയുന്നതെല്ലാം അടിസ്ഥാനമില്ലാത്തതാണ്. ഞാനിപ്പോഴും കുംഭമേളയിലുണ്ട്. മാധ്യമങ്ങളുമായുള്ള അടുത്തിടപെടലുകൾ കാരണം തന്റെ മനോനില തെറ്റിയെന്ന വാർത്തകളും അദ്ദേഹം തള്ളിക്കളഞ്ഞു. ലഹരിമരുന്ന് ഉപയോഗിക്കുന്നുവെന്നും അതിനാലാണ് ആശ്രമം വിട്ടതെന്നും ആരോപണം ഉയർന്നിരുന്നു. മനോനിലയെക്കുറിച്ച് സംശയം ഉന്നയിക്കുന്നവരുടെ ആധികാരികത എന്താണെന്നും അദ്ദേഹം ചോദിച്ചു.
∙ ഐഐടി ബാബ
ലക്ഷങ്ങള്‍ ഒഴുകിയെത്തിയ പ്രയാഗ്‌രാജിലെ മഹാകുംഭമേളയുടെ പ്രധാന ആകര്‍ഷണമായിരുന്നു ഐഐടി ബാബ. എന്‍ജിനീയറിങ്ങില്‍ നിന്ന് ആര്‍ട്സ് വിഷയങ്ങളിലേക്ക് തിരിഞ്ഞു. ഫോട്ടോഗ്രഫിയിലടക്കം പരീക്ഷണം നടത്തി. അറിവും സത്യവും തിരിച്ചറിയാനുള്ള ഓട്ടത്തിലായിരുന്നു. അതിലേക്കുള്ള വഴിയാകട്ടെ ആത്മീയതയാണെന്നു തിരിച്ചറിഞ്ഞതു പല മേഖലകള്‍ താണ്ടിയാണ് എന്നാണ് ഐഐടി ബാബ പറയുന്നത്. 2019 മുതൽ കാനഡയിൽ മൂന്നുവർഷം ജോലി ചെയ്ത അഭയ് സിങ്ങിന് മാസം മൂന്നു ലക്ഷം രൂപ വരുമാനം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചെറുപ്പം മുതല്‍ കുടുംബത്തില്‍നിന്ന് ഒരുപാട് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് ഐഐടി ബാബ പറഞ്ഞിരിക്കുന്നത്. ‘‘ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു കുട്ടിക്കാലം. കുടുംബ ബന്ധങ്ങളും അത്ര ഊഷ്മളമായിരുന്നില്ല. വീട്ടിലാരും എന്നെ നന്നായി നോക്കിയിരുന്നില്ല, പരിഗണിച്ചിരുന്നില്ല. ഫൊട്ടോഗ്രഫി ചെയ്യുന്ന കാലത്ത് എനിക്കു ഭ്രാന്താണെന്നു പറഞ്ഞ് അവരെന്നെ പരിഹസിച്ചു. ഇതോടെയാണു വീടുവിട്ടിറങ്ങാന്‍ തീരുമാനിച്ചത്. നല്ല ഒരു ജീവിതത്തിനായി എനിക്കതു മാത്രമായിരുന്നു മുന്നിലുള്ള മാര്‍ഗം. സംസ്കൃതത്തെ കുറിച്ചു കൂടുതല്‍ പഠിച്ചു.
അതെങ്ങനെയാണു രൂപപ്പെട്ടതെന്നും എന്തുകൊണ്ടാണ് സംസ്കൃതം വ്യത്യസ്തമായതെന്നും ശ്രദ്ധിക്കപ്പെട്ടതെന്നും അറിയാന്‍ ശ്രമിച്ചു. ഇങ്ങനെ എല്ലാത്തിനെക്കുറിച്ചും അറിയാന്‍ വല്ലാത്ത മോഹമാണ്. മനുഷ്യന്‍റെ മനസ്സിനെ കുറിച്ചും എങ്ങനെയാണ് ആവശ്യമില്ലാത്ത ചിന്തകളില്‍നിന്നു പുറത്തുകടക്കാന്‍ സാധിക്കുക എന്നു കണ്ടെത്തുകയായിരുന്നു അടുത്ത ശ്രമം. ഇങ്ങനെ പല കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ്.
വെള്ളം പോലെയാണ് ഞാന്‍. സ്വതന്ത്രനാണ്, എന്തുവേണമെങ്കിലും ചെയ്യാം. പക്ഷേ, വളരെ ഗൗരവമായ വിഷാദത്തിലേക്കു ഞാന്‍ പോയിട്ടുണ്ട്. അന്നൊക്കെ ഉറങ്ങാന്‍പോലും കഴിഞ്ഞില്ല. ഒരേ കാര്യം തന്നെ ആലോചിച്ചിരിക്കും. ഇതെന്താണ് ഇങ്ങനെയെന്നു ചിന്തിച്ചു. തലച്ചോറ് എങ്ങനെയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്? എന്തുകൊണ്ടാണ് എനിക്ക് ഉറങ്ങാന്‍ കഴിയാത്തത്? എന്നിങ്ങനെ പല ചോദ്യങ്ങളും എന്‍റെയുള്ളിലുണ്ടായി. അങ്ങനെ ഞാന്‍ സൈക്കോളജി പഠിക്കാന്‍ തീരുമാനിച്ചു. എനിക്കു കെട്ടുപാടുകള്‍ക്കുള്ളില്‍ നില്‍ക്കാന്‍ താല്‍പര്യമില്ല. എനിക്ക് എവിടെയും ഒതുങ്ങിക്കൂടുകയും വേണ്ട. ഒരു മനുഷ്യന്‍ എവിടെയും തങ്ങിനില്‍ക്കാതെ മുന്നോട്ടുപോകുമ്പോഴാണു സ്വതന്ത്രനാകുന്നത്’’ – ബാബ പറയുന്നു.