ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു ദാരുണമായ അപകടം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. പുലർച്ചെ വീട്ടിലുള്ള എല്ലാവരും ഉറങ്ങുമ്പോഴായിരുന്നു തീ പടർന്നുപിടിച്ചത്.
അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയ ശേഷം അകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് നാല് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ചീഫ് ഫയർ ഓഫീസർ രാഹുൽ വാർത്താ ഏജൻസിയോട് പറഞ്ഞു. തീ പിടിത്തത്തിനിടെ രണ്ട് പേരെ പരിക്കേൽക്കാതെയും മറ്റ് രണ്ട് പേരെ പരിക്കുകളോടെയും രക്ഷിക്കാൻ കഴിഞ്ഞതായും അധികൃതർ അറിയിച്ചു.
ആകെ നാല് നിലകളുണ്ടായിരുന്ന വീട്ടിലാണ് തീപിടുത്തമുണ്ടായത്. സഹോദരങ്ങളായ ഷാനവാസ്, ഷംസാദ് എന്നിവർ കുടുംബത്തോടൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്. വീടിന്റെ ഒന്നും രണ്ടും നിലകളിലായി ഇവർ ട്രാക്ക് സ്യൂട്ടുകൾ നിർമിക്കുന്ന സ്ഥാപനം നടത്തിയിരുന്നു. താഴത്തെ നിലയിൽ തുണികൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. തയ്യൽ മെഷീനുകളും തുണികളും കെട്ടിടത്തിൽ നിന്ന് കണ്ടെടുത്തു. ഏറ്റവും മുകളിലത്തെ നിലയിലാണ് രണ്ട് കുടുംബങ്ങളും താമസിച്ചിരുന്നത്.
തീപടർന്നപ്പോൾ തന്നെ ഷാനവാസും ഷംസാദും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഷാനവാസിന്റെ ഭാര്യ ഗുൽബഹാർ (32), മക്കളായ ഷാൻ (8), ഷാൻ (9) എന്നിവരും ഷംസാദിന്റെ മകനായ സീഷാൻ (5) എന്നിവരുമാണ് മരിച്ചത്. ഷംസാദിന്റെ ഭാര്യ ആയിഷ (28), ഇളയ മകൻ അയാൻ (4) എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്ന് മൂന്ന് യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു.
ഇടുങ്ങിയ റോഡായിരുന്നതിനാൽ ഫയർ എഞ്ചിനുകൾ അകലെ നിർത്തിയ ശേഷം ആറ് ഹോസുകളിലൂടെ വെള്ളം ചീറ്റി തീ അണയ്ക്കുകയായിരുന്നു. കെട്ടിടത്തിന്റെ മുകളിലേക്കുള്ള പടികളും ഇടുങ്ങിയതായിരുന്നു. തൊട്ടടുത്ത കെട്ടിടത്തിലെ ഭിത്തി പൊളിച്ചാണ് അഗ്നിശമന സേനാ അംഗങ്ങൾ അകത്തു കടന്നത്. നാല് മണിക്കൂറോളം എടുത്തു രക്ഷാപ്രവർത്തനം പൂർത്തിയാക്കാനെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അധികൃതർ പറഞ്ഞു.