ഹൈദരാബാദ്: സ്വിഗ്ഗി വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവതിയ്ക്ക് ഭക്ഷണത്തില്‍ നിന്നും ജീവനുള്ള ഒച്ചിനെ കിട്ടിയതായി കാണിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍. ക്വിനോവ അവോക്കാഡോ സാലഡ് ഓർഡർ ചെയ്ത യുവതിയ്ക്കാണ് ഭക്ഷണത്തില്‍ നിന്നും ജീവനുള്ള ഒച്ചിനെ കിട്ടിയത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ ഏതാണ്ട് പകുതിയായപ്പോഴാണ് എന്തോ അരിക്കുന്നതായി തോന്നിയത്. സൂക്ഷ്മമായി നോക്കിയപ്പോയപ്പോഴാണ് ഒച്ചിനെ കണ്ടതെന്നും വീഡിയോയില്‍ പറയുന്നു.
ഉപഭോക്താക്കൾക്ക് നൽകുന്ന ഭക്ഷണം തയ്യാറാക്കുന്ന റെസ്റ്റോറൻ്റിലെ ശുചിത്വത്തിന്റെ നിലവാരത്തെ ചോദ്യം ചെയ്യുകയാണ് യുവതി. സ്വിഗ്ഗി വഴിയാണ് യുവതി ഭക്ഷണം ഓർഡർ ചെയ്തത്. ബില്ലുൾപ്പെടെയാണ് യുവതി വീഡിയോയിൽ കാണിയ്ക്കുന്നത്. ഓർഡർ ചെയ്ത ഭക്ഷണം തയ്യാറാക്കുമ്പോൾ റെസ്റ്റോറൻ്റുകൾ എങ്ങനെയാണ് ഇത്ര നിരുത്തരവാദപരമായി പെരുമാറുന്നതെന്നും ഇത് ഉടൻ പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ഞാൻ സ്വിഗ്ഗിയോട് അഭ്യർത്ഥിക്കുന്നുവെന്നും യുവതി.
അതേ സമയം ഇതു വരെ സ്വിഗ്ഗി ഇത് സംബന്ധിച്ച് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ദെയർഓൺയു എന്ന അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.
ഹൈദരാബാദിൽ വൃത്തിഹീനമായ സാഹചര്യത്തിൽ നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കുന്ന റെസ്റ്റോറൻ്റുകൾ, ബേക്കറികൾ, ഭക്ഷണ സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നടപടി ആരംഭിച്ചു കഴിഞ്ഞു. ഈയടുത്തിടെ, പ്ലം കേക്ക് ഉണ്ടാക്കാൻ ഒരു ബേക്കറിയിൽ റം ഉപയോഗിച്ചത് പുറത്തു വന്നിരുന്നു. ഹൈദരാബാദിനടുത്തുള്ള സെക്കന്തരാബാദിലായിരുന്നു സ്ഥാപനം.
ദിവസങ്ങൾക്ക് മുൻപ് മറ്റൊരു വീഡിയോയും ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു. ഒരു ഉപഭോക്താവ് കഴിച്ച ഭക്ഷണത്തിന്റെ ബാക്കി വന്ന വിനാഗിരിയില്‍ കുതിര്‍ത്ത സവാളയും, പച്ചമുളകും, നാരങ്ങ സ്ലൈസും, ചട്ണിയും അടുത്ത ഉപഭോക്താവിന് നല്‍കുന്നതായി കാണിക്കുന്ന ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. ഫുഡ് സേഫ്റ്റിവാര്‍ എന്നു പേരുള്ള ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.