അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹമാണ് അടുത്തകാലത്ത് ഇന്ത്യ കണ്ട ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഒന്ന്. അംബാനി കല്യാണത്തിനായി നടത്തിയ തയാറെടുപ്പുകളുടെയും ചെലവാക്കിയ തുകയുടെയും കണക്കുകൾ ഇപ്പോഴും വാർത്തകളിൽ ഇടം നേടുന്നുണ്ട്.
എന്നാൽ അനന്ത് അംബാനിയുടെ വിവാഹത്തെ കടത്തിവെട്ടുന്ന തരത്തിൽ മറ്റൊരു വിവാഹത്തിന് ഇന്ത്യ സാക്ഷിയാകുമോ എന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളടക്കം ഉറ്റു നോക്കുന്നത്. ശതകോടീശ്വരൻ ഗൗതം അദാനിയുടെ മകൻ ജീത് അദാനിയുടെ വിവാഹത്തനായി നടക്കുന്ന തയാറെടുപ്പുകളാണ് പുതിയ ചർച്ചകൾക്കു വഴിവയ്ക്കുന്നത്.
അതിഗംഭീരമായി നടക്കുന്ന ചടങ്ങിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും മുന്നൊരുക്കങ്ങളെ കുറിച്ചും ആഡംബര പരിപാടികളെക്കുറിച്ചുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. 2023 മാർച്ച് 12നാണ് ജീത് അദാനിയും ദിവ ജെയ്മിൻ ഷായും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. ഗുജറാത്തിലെ അഹമ്മദാബാദിൽ വച്ച് നടന്ന ചടങ്ങുകൾ പക്ഷേ അത്രയധികം ആഡംബര പൂർണമായിരുന്നില്ല. അദാനി കുടുംബത്തിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു.
എന്നാൽ 2024 ഡിസംബറിൽ ആരംഭിച്ച പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ ഈ കുറവുകൾ എല്ലാം നികത്തി. ഉദയ്പൂരിൽ വച്ച് നടത്തിയ പരിപാടിയിൽ 300 ഓളം ക്ഷണിക്കപ്പെട്ട അതിഥികളാണ് പങ്കെടുത്തത്. അതിഥികൾക്കായി ഒരുക്കിയ ലക്‌ഷ്വറി ഹോട്ടലുകളിലെ താമസവും പാർട്ടിയും രാജ്യാന്തരതലത്തിലുള്ള സംഗീതജ്ഞർ പങ്കെടുത്ത ആർട്ടിസ്റ്റ് നൈറ്റുമടക്കം വിപുലമായ പരിപാടികളോടെയായിരുന്നു പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ. പ്രധാന വിവാഹ ചടങ്ങുകൾ ഇതിനെയെല്ലാം കടത്തിവെട്ടുമെന്നാണ് വിവരം.
ഇറ്റലി ആയിരിക്കും വിവാഹവേദി. വൻതാരനിര അണിനിരക്കുന്ന ആഘോഷ പരിപാടികളാണ് വിവാഹത്തിനായി ഒരുക്കിയിരിക്കുന്നത്. ഹണി സിംഗും ട്രാവിസ് സകോട്ടും അടക്കം ലോകപ്രശസ്ത സംഗീതജ്ഞർ ആഘോഷ പരിപാടികളുടെ മാറ്റുകൂട്ടും. വിവാഹത്തിൽ പങ്കെടുക്കുന്നവർക്കു സമാനതകളില്ലാത്ത ആഡംബര സൗകര്യങ്ങൾ ഒരുക്കി രാജകീയ വരവേൽപ്പ് നൽകാനാണ് അദാനിയുടെ തീരുമാനം. ഇതിനായി അതിഥികളെ വേദിയിലേയ്ക്ക് എത്തിക്കുന്നതിനു വേണ്ടി മാത്രം ആയിരത്തിൽപരം ആഡംബര കാറുകൾ തയാറായി കഴിഞ്ഞു.
കണ്ണഞ്ചിപ്പിക്കുന്ന ആഡംബരങ്ങൾ മാത്രമല്ല രാജ്യാന്തരതലത്തിൽ നിന്നും വിശിഷ്ട വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെ അതിഥികളെ കാത്തിരിക്കുന്നുണ്ട്. 58 രാജ്യങ്ങളിൽ നിന്നുള്ള മുൻനിര ഷെഫുമാർ ചേർന്നാണ് വിവാഹ ആഘോഷങ്ങൾക്കായി വിരുന്നൊരുക്കുന്നത്. ഫുട്ബോൾ ഇതിഹാസം റൊണാൾഡോ അടക്കമുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. കെയ്‌ലി ജെന്നർ , സെലീന ഗോമസ്, സിഡ്നി സ്വീനി തുടങ്ങിയ താരങ്ങളും ആഘോഷത്തിൽ പങ്കെടുക്കാൻ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. കോടികൾ ഒഴുക്കി നടത്തുന്ന വിവാഹം 2025 ൽ ഏറ്റവും അധികം ലോകശ്രദ്ധ നേടുന്ന ചടങ്ങുകളിൽ ഒന്നായി മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.