സാനിറ്ററി പാഡ് മുതൽ കുംഭ് സ്നാനിന്റെ വെർച്ച്വൽ റിയാൽറ്റി വരെ, കുംഭമേളയിലെ കച്ചവട ലക്ഷ്യം 2 ലക്ഷം കോടി രൂപ!

Advertisement

ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ കുംഭമേള പൊടിപൊടിക്കുമ്പോൾ സ്വന്തം സാന്നിധ്യവും വിപണി വിഹിതവും നേടാന്‍ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് പ്രമുഖ കമ്പനികൾ. വിപണിയിൽ പൊതുവെ ആവശ്യം കുറഞ്ഞ ഈ സമയത്ത് പ്രമുഖ കമ്പനികളെല്ലാം കുംഭമേളയിൽ പങ്കെടുത്ത് ബ്രാൻഡ് പ്രതിച്ഛായ മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.

ഡാബർ, പെപ്‌സികോ, ഐടിസി, റിലയൻസ്, റെക്കിറ്റ് തുടങ്ങിയ കമ്പനികൾ ബ്രാൻഡ് സാന്നിധ്യം ഉറപ്പിക്കുന്നതിനായി സ്റ്റാളുകളും വിശ്രമ ക്യാംപുകളും കുംഭമേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. പരാഗ്, അമുൽ, കൊക്കകോള തുടങ്ങിയ പ്രമുഖ ഫുഡ് ബ്രാൻഡുകൾ പരസ്യ, വിപണന ക്യാംപെയ്‌നുകളുമായി കുംഭമേളയിൽ പങ്കെടുക്കുന്നു.

∙ ബ്രാൻഡ് സ്ട്രാറ്റജിക്ക് മാത്രം 3,600 കോടി

മദർ ഡയറി, പാർലെ, റിലയൻസ് കൺസ്യൂമർ ഉൽപ്പന്നങ്ങൾ എന്നിവയുടെ കിയോസ്കുകൾ ഭക്തർക്ക് വൈവിധ്യമാർന്ന ഭക്ഷണങ്ങൾ സൗജന്യമായി നൽകുന്നു. ലഘുഭക്ഷണത്തിനു പുറമെ റീലുകൾ, ഫ്യൂഷൻ, ഭജനകള്‍ തുടങ്ങിയവ നടത്തുന്ന മംഗൾദീപ് അഗർബത്തി ഉത്തർപ്രദേശിന്റെ സംസ്കാരം പ്രദർശിപ്പിക്കുന്നു. ഓഗ്‌മെന്റഡ് റിയാലിറ്റി സങ്കേതങ്ങൾ ഉപയോഗിച്ച് കുംഭസ്‌നാനിന്റെയും ദീപ്‌ദാനിന്റെയും വെർച്വൽ അനുഭവങ്ങള്‍ ഐടിസി അവതരിപ്പിക്കുന്നുണ്ട് .

ബ്രാൻഡ് സ്ട്രാറ്റജി വിദഗ്ധരുടെ അഭിപ്രായത്തിൽ മേളയിൽ ഈ കൊല്ലം പരസ്യത്തിനും വിപണനത്തിനുമായി മാത്രം ബ്രാൻഡുകൾ ഏകദേശം 3,600 കോടി രൂപ ചെലവഴിക്കുമെന്ന് കണക്കാക്കുന്നു. NIINE സ്ത്രീകൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്നതിനായി മേള പ്രദേശത്ത് ചെറിയ കിയോസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. എൻജിഒ വാത്സല്യയുടെ സഹകരണത്തോടെയാണിത്.

ഐസിഐസിഐ ബാങ്ക് മേള ഗ്രൗണ്ടിൽ താൽക്കാലിക ശാഖ തുറന്നു. കറൻസി എക്‌സ്‌ചേഞ്ച്, ഫണ്ട് കൈമാറ്റം, ഫോറെക്‌സ് സേവനങ്ങൾ തുടങ്ങിയ ബാങ്കിങ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു, കൂടാതെ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കുന്ന മൊബൈൽ എടിഎം വാൻ തയാറാക്കിയിട്ടുണ്ട്.

∙ ഗ്രാമീണ വിപണി ലക്ഷ്യവുമായി ഡാബർ

ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഡാബർ പല ഉൽപ്പന്നങ്ങളും നേരിട്ട് കടകളിലൂടെ വിൽക്കാനാണ് കുംഭമേളയിൽ ശ്രദ്ധിക്കുന്നത്. നഷ്ടപ്പെട്ട ഗ്രാമീണ ഉപഭോക്താക്കളെ തിരിച്ചു പിടിക്കലാണ് പ്രധാനം ലക്‌ഷ്യം.

ഡാബർ ച്യവൻപ്രാശ്, ഹണി, റെഡ് പേസ്റ്റ്, ഹെയർ ഓയിൽ, വാതിക, ഹജ്മോള, ഹോണിറ്റസ് തുടങ്ങിയ ഉത്പന്നങ്ങളുടെ ഡിമാൻഡ് കുംഭമേള സ്റ്റാളുകളിൽ കുത്തനെ കൂടുന്നതായാണ് ഡാബർ കണക്കുകൾ.

∙ വിശ്രമ, ലഘു ഭക്ഷണങ്ങളുമായി റിലയൻസ്

ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് റീട്ടെയിൽ സാമ്രാജ്യത്തിൻ്റെ എഫ്എംസിജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർസിപിഎൽ) തീർഥാടക യാത്ര മെച്ചപ്പെടുത്തുന്നതിനായി ഉപഭോക്തൃ ഉല്പന്നങ്ങളുടെ സേവനങ്ങളും കുംഭമേളയിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതുകൂടാതെ വിശ്രമ സ്ഥലങ്ങളും, കുടിവെള്ളവും, ലഘുഭക്ഷണങ്ങളും റിലയൻസ് തീർത്ഥാടകർക്കായി ഉറപ്പു വരുത്തുന്നു.

∙ ശുചിത്വ മിഷനുമായി ഡെറ്റോൾ

റെക്കിറ്റ്, അതിൻ്റെ ശുചിത്വ ബ്രാൻഡായ ഡെറ്റോൾ വഴി 15,000 ശുചീകരണ തൊഴിലാളികൾക്ക് പരിശീലനവും സോപ്പ് വിതരണവും നടത്തി കുംഭമേളയിൽ സജീവ സാന്നിധ്യം അറിയിക്കുന്നു. പരിപാടി നടക്കുന്ന 25 സെക്ടറുകളിലുടനീളം ആരോഗ്യ, ശുചിത്വ വോളണ്ടിയർമാരെയും റെക്കിറ്റ് വിന്യസിച്ചിട്ടുണ്ട്.

∙ മാർക്കറ്റിങ് ചെലവും സാമ്പത്തിക സ്വാധീനവും

മഹാ കുംഭ് 2025 രണ്ട് ലക്ഷം കോടി രൂപയുടെ ബിസിനസ് സൃഷ്ടിക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) പ്രവചിക്കുന്നു, ഫെബ്രുവരി 26 ന് നടക്കുന്ന ഇവൻ്റ് സമാപനത്തോടെ 40 കോടിയിലധികം വരുമാനം പ്രതീക്ഷിക്കുന്നു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) പ്രകാരം പരസ്യങ്ങൾക്കായി 1,800 കോടി മുതൽ 2,000 കോടി രൂപ വരെ ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹോർഡിങുകൾ, ബാനറുകൾ, എൽഇഡി ഡിസ്പ്ലേകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ തുടങ്ങി പല പരസ്യ പ്രചാരങ്ങളും ഇവിടെ പയറ്റുന്നുണ്ട്.

∙ എത്തിപ്പെടാനാകാത്ത പ്രദേശങ്ങളിൽ എത്തുക

ബ്രാൻഡുകളുടെ വ്യാപ്തി മേളയ്ക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്. സൗജന്യമായി ലഭിക്കുന്ന സാനിറ്ററി പാഡുകൾ മുതൽ ഭക്ഷ്യവസ്തുക്കൾ വരെ മേളയുടെ അതിർത്തി ഗ്രാമങ്ങളിലും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലേക്കും ഭക്തർ വഴി പെട്ടെന്ന് എത്തിക്കാൻ സാധിക്കുമെന്ന നേട്ടമാണ് കമ്പനികൾ കാണുന്നത്.

കടന്നു കയറാൻ പറ്റാത്ത പ്രദേശങ്ങളിൽ സാന്നിധ്യം അറിയിക്കുക എന്ന ലക്ഷ്യം ഇതിനു പിന്നിലുണ്ട്. ഒരു പ്രാവശ്യം ഉല്പന്നം ഉപയോഗിച്ച് ഇഷ്ടപെട്ടാൽ വീണ്ടും അത് വാങ്ങുന്നതിനുള്ള താല്പര്യം കൂടും എന്ന മനഃശാസ്ത്രപരമായ സൂത്രവും ഇതിന് പിന്നിലുണ്ട്. സൗജന്യം നൽകുമ്പോൾ അത് നഷ്ടമല്ല, നേട്ടമാണ് കമ്പനികൾക്ക് നൽകുന്നത് എന്ന് ചുരുക്കം.

LEAVE A REPLY

Please enter your comment!
Please enter your name here