പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലെ അതിവേഗ വിചാരണ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു പ്രതിക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്.
2021 ജനുവരി 29 നാണ് കേസിനാസ്പദമായ കുറ്റകൃത്യം നടക്കുന്നത്. 16 കാരിയായ പെണ്‍കുട്ടിയെ പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും, കല്ലു കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തി കാട്ടിലുപേക്ഷിക്കുകയുമായിരുന്നു. കൂടാതെ പെണ്‍കുട്ടിയുടെ അച്ഛന്‍, ഒപ്പമുണ്ടായിരുന്ന നാലു വയസ്സുള്ള കുട്ടി എന്നിവരെയും കൊലപ്പെടുത്തി.
കേസില്‍ പ്രതികളായ സാന്ത്രം മജ്വാര്‍ (49), അബ്ദുള്‍ ജബ്ബാര്‍ (34), അനില്‍ കുമാര്‍ സാര്‍ത്തി (24), പര്‍ദേശി റാം (39), ആനന്ദ് റാം പണിക (29) എന്നിവര്‍ക്കാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി മമത ഭോജ്വാനി വധശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 302 (കൊലപാതകം), 376 (2) ജി (കൂട്ടബലാത്സംഗം), പോക്സോ, എസ് സി-എസ് ടി അതിക്രമങ്ങള്‍ തടയല്‍ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ.
കേസിലെ മറ്റൊരു പ്രതി ഉമാശങ്കര്‍ യാദവിനെ (23) ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് ഇയാളെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കിയത്. പ്രതികളുടേത് അതിക്രൂരവും മനുഷ്യത്വരഹിതവും നീചവുമായ പ്രവൃത്തിയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കൊല്ലപ്പെട്ടയാളുടെ മകന്‍ പിതാവിനെയും സഹോദരിയേയും കാണാനില്ലെന്ന് പരാതി നല്‍കിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ആറു പ്രതികളും പിടിയിലാകുന്നത്.
മുഖ്യപ്രതിയായ സാന്ത്രം മജ്വാര്‍ മുമ്പ് പെണ്‍കുട്ടിയുടെ വീട്ടില്‍ കന്നുകാലി മേയ്ക്കല്‍ ജോലി ചെയ്തിരുന്നു. പെണ്‍കുട്ടിയെ രണ്ടാം ഭാര്യയാക്കാന്‍ മജ്വാര്‍ ആഗ്രഹിച്ചിരുന്നു. ഇതിനായി ഇയാള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയും വീട്ടുകാരും ഇത് സമ്മതിച്ചില്ല. ഈ വൈരാഗ്യത്തിലാണ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെയും നാലു വയസ്സുള്ള കുട്ടിയേയും കൊലപ്പെടുത്തി.