മുംബൈ: ചെക്ക് ബൗണ്‍സ് കേസില്‍ ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ കുറ്റക്കാരനെന്ന് കോടതി. കേസ് പരിഗണിച്ച അന്ധേരി മജിസ്ട്രേറ്റ് കോടതി സംവിധായകനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞ ഏഴുവര്‍ഷമായി കോടതിലുള്ള കേസില്‍ കഴിഞ്ഞ ദിവസം വിധി പറയുകയായിരുന്നു.
രാംഗോപാല്‍ വര്‍മ പരാതിക്കാരന് 3.75 ലക്ഷം നഷ്ടപരിഹാരം നല്‍കണം. മൂന്ന് മാസത്തിനുള്ളില്‍ നഷ്ടപരിഹാര തുക കൈമാറിയില്ലെങ്കില്‍ മൂന്ന് മാസത്തെ ജയില്‍ ശിക്ഷ കൂടെ അനുഭവിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
2018 ലാണ് ‘ശ്രീ’ എന്ന പേരിലുള്ള കമ്പനിക്കുവേണ്ടി മഹേഷ്ചന്ദ്ര മിശ്ര എന്നയാള്‍ റാം ഗോപാല്‍ വര്‍മയ്ക്കെതിരെ ചെക്ക് ബൗണ്‍സ് കേസ് നല്‍കിയത്. 2022 ല്‍ 5000 രൂപയുടെ ബോണ്ടും സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കിയതിനെത്തുടര്‍ന്ന് സംവിധായകന് കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും വിചാരണ തുടരുകയായിരുന്നു. കോടതി വിധി പ്രസ്താവിക്കുമ്പോള്‍ രാം ഗോപാല്‍ വര്‍മ കോടതിയില്‍ ഹാജരായിരുന്നില്ല.