എം.എഫ്.ഹുസൈന്റെ 2 പെയ്ന്റിങ് പിടിച്ചെടുക്കാൻ ഉത്തരവ്

Advertisement

ന്യൂഡൽഹി: വിഖ്യാത ചിത്രകാരൻ എം.എഫ്.ഹുസൈന്റെ രണ്ട് പെയ്ന്റിങ്ങുകൾ പിടിച്ചെടുക്കാൻ ഡൽഹി പട്യാല ഹൗസ് കോടതി ഉത്തരവിട്ടു. ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നു കാട്ടി അഭിഭാഷകയായ അമിത സച്ച്ദേവ നൽകിയ പരാതിയിലാണു ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് സാഹിൽ മോൻഗ ഉത്തരവിട്ടത്.

ജൻപഥ് റോഡിലെ ഡൽഹി ആർട്ട് ഗാലറിയിൽ (ഡാഗ്) കഴിഞ്ഞ മാസം ഹുസൈന്റെ ചിത്രങ്ങളുടെ പ്രദർശനം നടന്നിരുന്നു. ഇതിൽ ഉൾപ്പെട്ട ചിത്രങ്ങൾക്കെതിരെ, പ്രദർശനത്തിന്റെ ഫോട്ടോ ഉൾപ്പെടെ ഡിസംബർ 9നു അമിത പാർലമെന്റ് സ്ട്രീറ്റ് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം ഗാലറിയിലെത്തിയെങ്കിലും ചിത്രങ്ങൾ കണ്ടെത്താൻ സാധിച്ചില്ല. ഇതിനു പിന്നാലെയാണു ഡിസംബർ 12ന് ഇവർ പട്യാല ഹൗസ് കോടതിയെ സമീപിച്ചത്.

സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പിടിച്ചെടുത്തിട്ടുണ്ടെന്നു ഡൽഹി പൊലീസ് കോടതിയിൽ വ്യക്തമാക്കി. വിശദമായ റിപ്പോർട്ട് കൈമാറാൻ കോടതി പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, കോടതി ഉത്തരവിനെതിരെ ഡാഗ് അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. പ്രദർശനം കാണാനെത്തിയ അയ്യായിരത്തിലേറെ കലാപ്രേമികളിൽ ഒരാൾ മാത്രമാണ് ഇത്തരത്തിൽ പരാതിപ്പെട്ടതെന്നും പ്രതികരിച്ചു. എം.എഫ്. ഹുസൈന്റെ ചിത്രങ്ങൾ മുൻപും വിവാദമായിട്ടുണ്ട്. 2006 ൽ അദ്ദേഹം വരച്ച സരസ്വതി ദേവിയുമായി ബന്ധപ്പെട്ട ചിത്രം ഏറെ പ്രതിഷേധത്തിനു കാരണമായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here