ബെംഗളൂരു: ബാങ്ക് മാനേജർ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാതായെന്ന് പരാതി. ബെംഗളൂരു സ്വദേശിനിയായ 32കാരിയായ ബാങ്ക് മാനേജരാണ് പരാതി നൽകിയത്. വേലി തന്നെ വിളവ് തിന്നുകയാണെന്നും ബാങ്കിലെ ജീവനക്കാരെ ചോദ്യംചെയ്യുമെന്നും പൊലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ബസവേശ്വരനഗറിലെ ബാങ്കിൽ മാനേജരായി ജോലി ചെയ്യുന്ന 32കാരിയാണ് പരാതിക്കാരി. താൻ ജോലി ചെയ്യുന്ന ബ്രാഞ്ചിലെ ലോക്കറിൽ സ്വർണാഭരണങ്ങളും ചെക്ക് ബുക്കും മറ്റ് രേഖകളും സൂക്ഷിച്ചിരുന്നുവെന്ന് മാനേജർ നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് അവസാനമായി ലോക്കർ തുറന്നത്. പിന്നീട് ഒക്ടോബറിൽ തുറക്കാൻ നോക്കിയപ്പോൾ ലോക്കറിന്‍റെ താക്കോൽ കാണാനില്ലായിരുന്നു. താക്കോൽ നഷ്ടപ്പെട്ട വിവരം ബാങ്ക് ഇൻചാർജിനെ അറിയിക്കുകയും അനുമതി വാങ്ങി ഡിസംബർ 30 ന് ബാങ്ക് ജീവനക്കാരുടെ സാന്നിധ്യത്തിൽ ലോക്കർ കുത്തിത്തുറക്കുകയും ചെയ്തു. എന്നാൽ ലോക്കറിൽ സൂക്ഷിച്ച ആഭരണങ്ങൾ കാണാനില്ലായിരുന്നു. രേഖകൾ മാത്രമേയുണ്ടായിരുന്നുള്ളൂ.
കസ്റ്റമർ കീയും മാസ്റ്റർ കീയും ഉപയോഗിച്ചാൽ മാത്രമേ ലോക്കർ തുറക്കാൻ കഴിയൂ. മാസ്റ്റർ കീകളും ഡോർ കീകളും സാധാരണയായി കാഷ് ബോക്സിലാണ് സൂക്ഷിക്കുന്നതെന്ന് മാനേജർ പറഞ്ഞു. തന്‍റെ കസ്റ്റമർ കീ ബാഗിലാണ് സൂക്ഷിച്ചിരുന്നതെന്നും ആഭരണങ്ങൾ എടുക്കുക എന്ന ഉദ്ദേശത്തോടെ ആരോ തന്‍റെ ബാഗിൽ നിന്ന് താക്കോൽ മോഷ്ടിച്ചതാവുമെന്നാണ് മാനേജർ നൽകിയ പരാതിയിൽ പറയുന്നത്. ബാങ്കിന്‍റെ ആഭ്യന്തര അന്വേഷണത്തിൽ ഒന്നും കണ്ടെത്താൻ കഴിയാതിരുന്നതോടെയാണ് പരാതി നൽകിയതെന്ന് മാനേജർ പൊലീസിനോട് പറഞ്ഞു.
ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന 250 ഗ്രാം സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു. ബിഎൻഎസ് സെക്ഷൻ 306 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ബാങ്കിലെ ജീവനക്കാർ ആരെങ്കിലുമാവാം മാനേജരുടെ ലോക്കർ കീ മോഷ്ടിച്ച് സ്വർണം കവർന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. കാരണം കസ്റ്റമർ കീയ്ക്കൊപ്പം മാസ്റ്റർ കീ കൂടിയുണ്ടെങ്കിലേ ലോക്കർ തുറക്കാനാവൂ. മാസ്റ്റർ കീ ബാങ്കിലാണ് സൂക്ഷിക്കുക. ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പരാതി നൽകിയ ആളുടെ വിശദാംശങ്ങളോ ഏതാണ് ബാങ്കെന്നോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.