രോഗപ്രതിരോധശേഷി കുറയും, പക്ഷാഘാതത്തിനു സാധ്യത; പുണെയിൽ 37 പേർക്കുകൂടി ജിബിഎസ്

Advertisement

മുംബൈ∙ അപൂർവ നാഡീരോഗമായ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) പുണെയിൽ 37 പേർക്കു കൂടി കണ്ടെത്തി. ഇതോടെ ആകെ രോഗികൾ 59 ആയി. ഇതിൽ 40 പേർ പുരുഷൻമാരാണ്. പുണെയിലെ ഗ്രാമീണ മേഖലകളിലാണ് കൂടുതൽ കേസുകൾ. പുണെ സിറ്റിയിൽ 11 പേർക്കും പിംപ്രി–ചിഞ്ച്‌വാഡ് മേഖലയിൽ 12 പേർക്കും രോഗം സ്ഥിരീകരിച്ചു.

നാഡിയുടെ പ്രവർത്തനത്തെയും രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്ന രോഗം പക്ഷാഘാതത്തിനും കാരണമായേക്കാം. വയറുവേദന, അതിസാരം, കൈകാലുകൾക്കു ബലക്ഷയം എന്നിവയാണ് ലക്ഷണങ്ങൾ. രക്തവും തൊണ്ടയിലെ സ്രവവുമാണു രോഗനിർണയ പരിശോധനയ്ക്ക് എടുക്കുക. രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട മേഖലകളിൽ ആരോഗ്യവകുപ്പിന്റെ ദ്രുതകർമ സേന സന്ദർശനം നടത്തി. ഇവിടെനിന്നു ശുദ്ധജല സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. രോഗം കണ്ടെത്തിയവരുടെ രക്ത, സ്രവ സാംപിളുകൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വിശദമായ പരിശോധനയ്ക്കും അയച്ചിട്ടുണ്ട്.

പുറത്തുനിന്നു ഭക്ഷണം കഴിക്കുന്ന ആളുകളിലാണു രോഗബാധ കൂടുതൽ കണ്ടെത്തിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യം വയറുവേദനയ്ക്കും അതിസാരത്തിനും ചികിത്സ തേടി ആശ്വാസം ലഭിക്കുന്നവർ കടുത്ത ക്ഷീണവും തളർച്ചയും മൂലം വീണ്ടും ആശുപത്രിയിൽ എത്തുന്നുണ്ട്. ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണെന്നും ആശങ്ക വേണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. രോഗലക്ഷണങ്ങളുമായി എത്തുന്നവരെ നിരീക്ഷിക്കണമെന്നും സംശയം തോന്നുന്ന കേസുകൾ അറിയിക്കണമെന്നും പുണെയിലെ സ്വകാര്യ, സർക്കാർ ഡോക്ടർമാർക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here