ന്യൂഡൽഹി: ഒരു പ്ലേറ്റ് ചോളെ ബട്ടൂര– 40 രൂപ, ഒരു സമൂസ –12 രൂപ, ചായ –10, കാപ്പി–12 രൂപ, ഉച്ച സമയം ആണെങ്കിൽ 70 രൂപയ്ക്ക് ഒരു ഫുൾ വെജ് താലി മീൽസ്…. ഏതെങ്കിലും ഹോട്ടലിലെയോ മറ്റോ മെനു കാർഡ് ആണെന്ന് കരുതിയാൽ തെറ്റി. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർഥിക്ക് ഒരുനേരം ഭക്ഷണം കഴിക്കുന്നതിനായി തെരഞ്ഞെടുപ്പു കമ്മിഷൻ നിശ്ചയിച്ചിട്ടുള്ള നിരക്കുകളാണിത്. പട്ടികയിൽ ചുരുങ്ങിയ വിലയ്ക്ക് സ്ഥാനാർഥികൾക്ക് കഴിക്കാവുന്ന വിഭവങ്ങൾ വേറെയുമുണ്ട്: 35 രൂപയ്ക്ക് ഒരു പ്ലേറ്റ് ചോളെ കുൽച്ച, 35 രൂപയ്ക്ക് പൂരി സബ്ജി, 10 രൂപയുടെ ഒരു പാക്കറ്റ് ബിസ്കറ്റ്, 20 രൂപയുടെ സാൻവിച്ച്, 12 രൂപയ്ക്ക് ഒരു ലഡുവോ ഗുലാബ് ജാമുനോ വാങ്ങിക്കഴിക്കാം.
പ്രചാരണ യോഗങ്ങൾ സംഘടിപ്പിക്കാനും കസേര, മേശ, ടെന്റ്, ജനറേറ്റർ എന്നിവയ്ക്കുള്ള ദിവസ വാടക ഉൾപ്പെടെ കമ്മിഷൻ നിശ്ചയിച്ചു നൽകിയിട്ടുണ്ട്. 2,000ത്തിന് മുകളിൽ ആളുകൾ പങ്കെടുക്കുന്ന ഒരു തെരഞ്ഞെടുപ്പു യോഗത്തിന് ദിവസം 30,000 രൂപവരെ ചെലവാക്കാം. 250ൽ താഴെ ആളുകൾ പങ്കെടുക്കുന്ന യോഗത്തിന് 6,150 രൂപയിൽ കൂടുതൽ ചെലവാക്കേണ്ട കാര്യമില്ലെന്നാണു കമ്മിഷന്റെ കണക്ക്. പാർട്ടി ഓഫിസുകളിൽ ഉൾപ്പെടെ എഴുത്തുകുത്തുകൾക്ക് 6 രൂപ വിലയുള്ള പേന മതി. ആം ആദ്മി പാർട്ടിയുടെ ചിഹ്നം കൂടിയായ ചൂലിന് 25 രൂപയിലധികം മുടക്കേണ്ടെന്നാണു കമ്മിഷന്റെ പക്ഷം. പ്രചാരണയോഗത്തിനു ചെണ്ട, ഡ്രം തുടങ്ങി വാദ്യങ്ങൾക്കുള്ള വാടക 500 രൂപയിൽ ഒതുക്കണം.
ഡൽഹിയിൽ സ്ഥാനാർഥിക്ക് പ്രചാരണത്തിനായി ഒരു കുതിരയെ വേണമെങ്കിൽ ഒരു ദിവസം 3,075 വാടക നൽകി സംഘടിപ്പിക്കാം. ആനയെ വേണമെന്നിരിക്കട്ട, ചെലവ് 6,150 രൂപയിൽ കൂടരുത്. പ്രചാരണം കുറച്ചുകൂടി ഉയരങ്ങളിലെത്തിക്കണം എന്നുള്ളവർക്ക് ദിവസം 7,000 രൂപ മുടക്കി ഡ്രോൺ പറത്താം. ഒരു ചെറിയ പൂമാലയ്ക്ക് 20 രൂപ, പത്തടി വരെയുള്ള കൂറ്റൻ ഹാരങ്ങൾക്ക് 1500 രൂപ വരെയാകാം. പൂക്കളുടെ കണക്ക് ചതുരശ്ര അടിയിലാണ്: 35 രൂപ. പ്രചാരണത്തിരക്കിനിടെ ദാഹിച്ചു വലഞ്ഞാൽ കുടിക്കുന്ന കുപ്പിവെള്ളത്തിന്റെ വിലയ്ക്കുമുണ്ട് പരിധി; ലീറ്ററിന് 19 രൂപ.
നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കു പരമാവധി ചെലവഴിക്കാവുന്ന തുക 40 ലക്ഷം രൂപയാണ്. 2018 വരെ ഇത് 28 ലക്ഷം രൂപയായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് 95 ലക്ഷം രൂപ വരെ പ്രചാരണത്തിനായി ചെലവഴിക്കാം. നിശ്ചയിച്ചിരിക്കുന്നതിലധികം തുക ചെലവഴിച്ചു പ്രചാരണം നടത്തിയാൽ സ്ഥാനാർഥിയുടെ വിജയം റദ്ദാക്കാമെന്നാണു ചട്ടം.
പൊതുവിപണിയിലെ വിലനിലവാരം, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട്, രാഷ്ട്രീയകക്ഷികളുമായുള്ള ആശയവിനിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഭക്ഷണം ഉൾപ്പെടെ വിവിധ കാര്യങ്ങൾക്കായി ഒരു സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന തുക നിശ്ചയിക്കുന്നത്. നാമനിർദേശ പത്രിക നൽകുന്നതു മുതൽ തെരഞ്ഞെടുപ്പു ദിവസം വരെയുള്ള ചെലവാണു പരിശോധിക്കുക. തെരഞ്ഞെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ സ്ഥാനാർഥികൾ പ്രചാരണച്ചെലവ് സംബന്ധിച്ച കണക്കുകൾ കമ്മിഷനു നൽകണം.