ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നില്ല’-ദില്ലി ഹൈക്കോടതി

Advertisement

ന്യൂ ഡെൽഹി. ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നതല്ലെന്ന് ദില്ലി ഹൈക്കോടതി. ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്വകാര്യ നിമിഷങ്ങളെ പകർത്തുകയും അത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതും കുറ്റകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പീഡന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് സ്വരണ കാന്ത ശർമയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുഹൃത്തായ പ്രതി പരാതിക്കാരിയായ പെൺകുട്ടിയെ, സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതാണ് കേസിനാസ്പദമായ സംഭവം.

പരാതിക്കാരിയും പ്രതിയും തമ്മിൽ കാലങ്ങളായുള്ള സൗഹൃദ ബന്ധമാണുള്ളത്. പരാതിക്കാരി പ്രതിയിൽ നിന്നും കടമായി വാങ്ങിയ പണം തിരിച്ചടക്കാത്തതോടെയാണ് പ്രതി സൗഹൃദ ബന്ധത്തെ മുതലെടുത്ത് പഴയകാല സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മർദ്ദം ചെലുത്തിയത്. രണ്ട് ദിവസത്തോളം പ്രതി ഇത്തരത്തിൽ ഭീഷണിപ്പെടുത്തി ശാരീരിക ബന്ധത്തിലേർപ്പെട്ടു. ഇതിനെതിരെ നൽകിയ പരാതിയിൽ വിധി പുറപ്പെടുവിക്കുകയായിരുന്നു കോടതി

ഒരു സ്ത്രീ ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം ഏത് സമയത്ത് തന്നാലും അത് ഒരിക്കലും ആ വ്യക്തിയുടെ സ്വകാര്യ നിമിഷങ്ങളെ പകർത്തുവാനോ അത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുവാനോ ഉള്ള അനുവാദമായി വ്യാഖ്യാനിക്കരുത്. ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ അനുവാദം നൽകുന്നത്കൊണ്ട് ഒരു വ്യക്തിയുടെ സ്വകാര്യത പകർത്തുന്നതും അതിനെ ചൂഷണം ചെയ്യുന്നതും ഭീഷണിപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യാൻ പാടില്ലെന്നും ജനുവരി 17 ന് പുറപ്പെടുവിച്ച കോടതി വിധിയിൽ പറയുന്നു.

ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് ഇരുവരുടെയും സമ്മതത്തോടെയാണെങ്കിലും അതിന് ശേഷം നടന്ന പ്രവർത്തികൾ സമ്മർദ്ദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും സംഭവിച്ചതാണെന്ന് വ്യക്തമാണ്. ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയ പ്രതി അതിനെ മുതലെടുക്കുകയും പരാതിക്കാരിയെ അതുവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതി ദൃശ്യങ്ങൾ പകർത്തിയത് ലൈംഗീകമായി ചൂഷണം നടത്താനുള്ള ദുരുദ്ദേശത്തോടെയാണെന്ന് പ്രഥമ ദൃഷ്ടിയാൽ തെളിഞ്ഞെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

ഒരു കോഴ്‌സിന് ചേരാനായാണ് മൂന്നര ലക്ഷം രൂപ പ്രതിയിൽ നിന്നും പരാതിക്കാരി കടമായി വാങ്ങിയത്. എന്നാൽ അത് തിരിച്ചടക്കാനാവാതെ ആയപ്പോൾ പ്രതി ഭീഷണിപ്പെടുത്തി പരാതിക്കാരിയായ യുവതിയെ ലൈംഗീക ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു. 2023 അവസാനത്തോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മൊബൈൽ ഫോണിലുള്ള സ്വകാര്യ നിമിഷങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയുമായിരുന്നു. പ്രതി പല സമൂഹ മാധ്യമങ്ങളിലും ദൃശ്യങ്ങൾ പങ്കിട്ടതായും കോടതി കണ്ടെത്തി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here