ഗോരഖ്പൂർ: മദ്യപാനികളായ ഭർത്താക്കന്മാരുടെ പ്രവൃത്തികളിൽ സഹികെട്ട് വീടുവിട്ടിറങ്ങിയ രണ്ട് സ്ത്രീകൾ പരസ്പരം വിവാഹം കഴിച്ചു. കവിത, ബബ്ലു എന്ന ഗുഞ്ച എന്നിവരാണ് വ്യാഴാഴ്ച വൈകുന്നേരം ദേവ്റയിലെ ചോട്ടി കാശി എന്നും അറിയപ്പെടുന്ന ശിവക്ഷേത്രത്തിൽ വെച്ച് വിവാഹിതരായത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് തങ്ങൾ ആദ്യം പരിചയപ്പെട്ടതെന്നും സമാനമായ സാഹചര്യങ്ങളാണ് അടുപ്പിച്ചതെന്നും ഇരുവരും മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഭർത്താക്കന്മാരിൽ നിന്ന് ഇരുവരും ഗാർഹിക പീഡനം നേരിട്ടു. ക്ഷേത്രത്തിൽ, ഗുഞ്ച വരൻ്റെ വേഷം ധരിച്ച്, കവിതയ്ക്ക് സിന്ദൂരം ചാർത്തുകയും പരസ്പരം വരണമാല്യം കൈമാറുകയും ചെയ്തു. ഭർത്താക്കന്മാരുടെ മദ്യപാനവും മോശമായ പെരുമാറ്റവും ഞങ്ങളെ വേദനിപ്പിച്ചു. തുടർന്ന് സമാധാനവും സ്‌നേഹവും നിറഞ്ഞ ജീവിതം തിരഞ്ഞെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. ദമ്പതികളായി ഗോരഖ്പൂരിൽ ജീവിക്കാൻ തീരുമാനിച്ചെന്നും ഇരുവരും പറഞ്ഞു.
ഇരുവരും ഒരു മുറി വാടകയ്‌ക്കെടുത്ത് ദമ്പതികളായി തുടർജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്നും അറിയിച്ചു. ക്ഷേത്ര പൂജാരി ഉമാ ശങ്കർ പാണ്ഡെയാണ് വിവാഹത്തിന് കാർമികത്വം വഹിച്ചത്.