പ്രയാഗ് രാജ്: മാസങ്ങളോളം പൊലീസിനെ വെട്ടിച്ച് മദ്യം കടത്തിയ ആളെ പ്രയാഗ്‌രാജിൽ നിന്ന് അറസ്റ്റ് ചെയ്തു. മഹാ കുംഭമേളയില്‍ പാപങ്ങള്‍ കഴുകിക്കളയാനുള്ള സ്നാനത്തില്‍ പങ്കെടുക്കാനാണ് പ്രതി നഗരത്തിലെത്തിയത്. പ്രവേഷ് യാദവ് എന്ന 22 വയസുകാരനാണ് പൊലീസിന്റെ പിടിയിലായത്. മദ്യക്കടത്തുമായി ബന്ധപ്പെട്ട് 2023 ജൂലൈ മുതൽ ഒളിവില്‍ തുടരുകയായിരുന്നു ഇയാള്‍.
ശക്തമായ പൊലീസ് നിരീക്ഷണത്തെ തുടര്‍ന്ന് പ്രയാഗ്‌രാജിലെ സിവിൽ ലൈൻസിന്റെ സമീപത്തു നിന്നാണ് പ്രവേഷിനെ പിടികൂടിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഒന്നര വർഷമായി ഇയാള്‍ ഒളിവിലായിരുന്നുവെന്ന് ബദോഹി പൊലീസ് സൂപ്രണ്ട് അഭിമന്യു മംഗ്ലിക് പറഞ്ഞു.
2023 ജൂലൈ 29 ന് ദേശീയ പാത19 ൽ വാഹന പരിശോധനയ്ക്കിടെ മംഗളിക് എന്നയാളുടെ വ്യാജ മദ്യം കൊണ്ടുപോകുന്ന വാഹനം പിടികൂടിയിരുന്നു. ഇയാളുടെ കൂട്ടാളികളാണ് പ്രവേഷ് യാദവും പ്രദീപ് യാദവും രാജ് ഡൊമോലിയയും. ഇതില്‍ പിടി കൂടാന്‍ ബാക്കിയുണ്ടായിരുന്നത് പ്രവേഷ് യാദവിനെ മാത്രമായിരുന്നു. സംഭവം നടന്ന ദിവസം പ്രതി പൊലീസില്‍ നിന്നും വിദഗ്ദമായി രക്ഷപ്പെടുകയായിരുന്നു.
അൽവാർ ജില്ലയില്‍ താമസിക്കുന്ന ഇവരെല്ലാം ദീർഘകാലമായി ബീഹാറിൽ അനധികൃത മദ്യം കടത്തുന്നവരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെ ഭാരതീയ നിയമ സംഹിത പ്രകാരം സെക്ഷൻ 419, 420, 471, 468, 272, 273 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.