സുഭാഷ് ചന്ദ്ര ബോസിന്റെ മരണത്തീയതി പരാമർശിച്ചു; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് കൊൽക്കത്ത പൊലീസ്

Advertisement

കൊല്‍ക്കത്ത: സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ മരണ തീയതി പരാമര്‍ശിച്ചതില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് കൊൽക്കത്ത പൊലീസ്. ഹിന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയിലാണ് തെക്കന്‍ കൊല്‍ക്കത്തയിലെ ഭവാനിപുര്‍ പൊലീസ് രാഹുലിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റർ ചെയ്തത്.

ജനുവരി 23നായിരുന്നു സുഭാഷ് ചന്ദ്ര ബോസിന്റ ജന്മദിനം. അന്നേ ദിവസം രാഹുല്‍ ഗാന്ധി സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പിൽ നേതാജിയുടെ മരണ തീയതിയായി 1945 ഓഗസ്റ്റ് 18 എന്നു കുറിച്ചിരുന്നു. രാഹുൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.

സുഭാഷ് ചന്ദ്ര ബോസിന്റെ ജനന തീയതി അറിയാമെങ്കിലും മരണ തീയതി ആര്‍ക്കും അറിയില്ലെന്നും അദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സങ്കടം എക്കാലവും നിലനില്‍ക്കുമെന്നും ആയിരുന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹമായ കാര്യങ്ങള്‍ കോണ്‍ഗ്രസ് മറച്ചുവയ്ക്കുകയാണെന്നും നേതാജി എവിടെയായിരുന്നുവെന്നോ ഇപ്പോള്‍ എവിടെയാണെന്നോ ഉള്ള കാര്യം കോണ്‍ഗ്രസ് മറച്ചുവച്ചെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷും ആരോപിച്ചു.

രാഹുൽ ഗാന്ധി സുഭാഷ് ചന്ദ്ര ബോസിന്റെ മരണത്തീയതിയായി പങ്കുവച്ച ഓഗസ്റ്റ് 18നാണ് നേതാജിയുമായി വിയറ്റ്നാമിലെ ടുറെയ്നിൽനിന്നു പുറപ്പെട്ട വിമാനം തായ്പേയിലെ തയ്ഹോക്കു വിമാനത്താവളത്തിൽനിന്ന് ഇന്ധനം നിറച്ചു പറന്നുയരവേ തകർന്നു വീണതായി പറയപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here