റിപ്പബ്ലിക് ദിനാഘോഷത്തിനിടെ കരിമരുന്ന് സൂക്ഷിച്ചിരുന്ന രണ്ടു ബോട്ടുകൾക്ക് തീപിടിച്ചു, മൂന്ന് പേർക്ക് പരിക്ക്

Advertisement

ഹൈദരാബാദ്: റിപ്പബ്ലിക് ദിനത്തിന്റെ ഭാ​ഗമായി ഹൈദരാബാദിൽ നടന്ന ആ​ഘോഷപരിപാടികൾക്കിടെ കരിമരുന്ന് സൂക്ഷിച്ചിരുന്ന രണ്ടു ബോട്ടുകൾക്ക് തീപിടിച്ചു. സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരാളുടെ നില അതീവ ​ഗുരുതരമാണ്. നെക്ക്ലേസ് റോഡിലെ പീപ്പിൾസ് പ്ലാസയിൽ `ഭാരത് മാത മഹാ ഹരാത്തി’ പരിപാടിക്കായി കരിമരുന്നുകൾ സൂക്ഷിച്ചിരുന്ന ബോട്ടുകൾക്കാണ് തീപിടിച്ചത്.
​ഗവർണർ ജിഷ്ണു ദേവ് വർമയും കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിയും പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു.

സമാപന പരിപാടിയിൽ ഹുസൈൻസാ​ഗർ തടാകത്തിൽ ഞായറാഴ്ച രാത്രിയിൽ കരിമരുന്ന് പ്രയോ​ഗം ആസൂത്രണം ചെയ്തിരുന്നു. അതിന്റെ ഭാ​ഗമായി രണ്ട് തെലങ്കാന ടൂറിസം ബോട്ടുകളിലായാണ് കരിമരുന്ന് സൂക്ഷിച്ചിരുന്നത്. തടാക മധ്യത്തിൽ വെച്ചാണ് ബോട്ടുകൾക്ക് തീപിടിക്കുന്നത്. കിഴക്കൻ ​ഗോദാവരി ജില്ലയിൽ നിന്നുള്ള ​ഗണപതി (22), അമ്പർപേട്ട് സ്വദേശിയായ ചിന്തല കൃഷ്ണ (47), ഹസുരബാദിൽ നിന്നുള്ള സായ് ചന്ദ് (21) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ​

ഗണപതി എന്നയാളുടെ നില അതീവ ​ഗുരുതരമാണ്. ഇയാൾക്ക് നൂറു ശതമാനം പൊള്ളലേറ്റതായും വെൻ്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നതെന്നും ഡോക്ടർമാർ പറഞ്ഞു. മറ്റു രണ്ടുപേരും അപകടനില തരണം ചെയ്തിട്ടുണ്ട്. രണ്ട് ബോട്ടുകളിലുമായി 15 പേർ ഉണ്ടായിരുന്നതായി കരുതുന്നു. എന്നാൽ, പൊലീസോ ഫയർഫോഴ്സോ ഇത് സ്ഥിരീകരിച്ചിട്ടില്ല.

പ്രദർശനത്തിന് തയാറെടുക്കുന്നതിനിടെ ബോട്ടുകളിലുണ്ടായിരുന്ന പടക്കങ്ങളിലൊന്ന് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. സംഘാടകർക്ക് പരിപാടിക്ക് മാത്രമാണ് അനുമതി ലഭിച്ചത്. കരിമരുന്ന് പ്രയോ​ഗത്തിനുള്ള അനുമതി നേടിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഹൈദരാബാദിൽ `ഭാരത് മാത മഹാ ഹരാത്തി’യുടെ എട്ടാമത് എഡിഷനായിരുന്നു നടന്നിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ ആരംഭിച്ചു.

Advertisement