ന്യൂഡൽഹി. വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെൻററി സമിതിയുടെ അംഗീകാരം.
ഭേദഗതികളോടെ ബിൽ പാർലമെൻറ് വയ്ക്കുമെന്ന് സമിതി അധ്യക്ഷൻ ജഗതാംബിക പാൽ. പ്രതിപക്ഷം നിർദ്ദേശിച്ച ഭേദഗതികൾ സമിതി തള്ളി. ജനാധിപത്യത്തിന്റെ കറുത്ത ദിനം
എന്ന് പ്രതിപക്ഷം.
പതിനാല് നിയമ ഭേദഗതികളോടെയാണ് വഖഫ് ബില്ലിന് സംയുക്ത പാർലമെൻററി സമിതി അംഗീകാരം നൽകിയത്. ഇന്ന് ചേർന്ന യോഗത്തിൽ ബില്ലിനെ ഭരണപക്ഷത്തു നിന്ന് 16 എം പി പിന്തുണച്ചു. 10 പ്രതിപക്ഷ എംപിമാർ ബില്ലിനെ എതിർത്തു. പ്രതിപക്ഷം 44 ഭേദഗതികൾ നിർദ്ദേശിച്ചിരുന്നു. എന്നാൽ വോട്ടെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ
പ്രതിപക്ഷത്തിന്റെ നിർദ്ദേശങ്ങൾ തള്ളിയെന്ന് വഖഫ് സംയുക്ത പാർലമെൻററി സമിതി അധ്യക്ഷൻ ജഗതാംബിക പാൽ വ്യക്തമാക്കി.
അതേസമയം നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് അധ്യക്ഷൻ ജഗതാംബിക പാൽ ബില്ലിന് അംഗീകാരം നൽകിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തിന്റെ സംസാരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടു ജനാധിപത്യത്തിൻറെ കറുത്ത ദിനമാണെന്നും വിമർശനം.
വഖഫ് ബോർഡുകളുടെ ഭരണരീതിയിൽ അടക്കം നിരവധി മാറ്റങ്ങളാണ് ഭേദഗതി ബിൽ നിർദ്ദേശിക്കുന്നത്. നവംബർ 29 നകം
റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ആദ്യ നിർദ്ദേശമെങ്കിലും പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം വരെ കാലാവധി നീട്ടി നൽകിയിരുന്നു. എന്നാൽ ധൃതിപിടിച്ച് റിപ്പോർട്ട് സമർപ്പിക്കാനുള്ള സമിതിയുടെ നീക്കം രാഷ്ട്രീയപ്രേരിതം എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം