ലഖ്നൗ.ഉത്തർപ്രദേശിൽ ബലാത്സംഗ കേസിൽ കോൺഗ്രസ് എംപി അറസ്റ്റിൽ.സിതപൂർ എംപി രാകേഷ് റാതോഡ് ആണ് അറസ്റ്റിൽ ആയത്.അലഹബാദ് ഹൈക്കോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ,വാർത്ത സമ്മേളനത്തിനിടെ നാടകീയമായാണ് അറസ്റ്റ്.
സീതപൂർ സ്വദേശിയായ യുവതി നൽകിയ പീഡനപരാതിയിൽ ആണ് കോൺഗ്രസ് എംപി രാകേഷ് റാത്തോഡിനെ യു പി പോലീസ് അറസ്റ്റ് ചെയ്തത്. കോൺഗ്രസിന്റെ ഉത്തർപ്രദേശ് യൂണിറ്റ് ജനറൽ സെക്രട്ടറിയാണ് അറസ്റ്റിലായ രാകേഷ്. ജനുവരി 15ന് യുവതി നൽകിയ പരാതിയിൽ, പ്രാഥമിക അന്വേഷണത്തിനുശേഷം 17നാണ് പോലീസ് കേസെടുത്തത്.
രാഷ്ട്രീയ പദവികൾ അടക്കം വാഗ്ദാനം ചെയ്തു കഴിഞ്ഞ നാല് വർഷമായി രാകേഷ് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് യുവതിയുടെ പരാതി. വിവാഹം കഴിക്കാമെന്ന് രാകേഷ് ഉറപ്പുനൽകിയിരുന്നതായും യുവതി ആരോപിച്ചു.
എംപിയുമായി നടത്തിയ സംഭാഷണങ്ങളുടെ രേഖകളും യുവതി പൊലീസിന് കൈമാറി. കേസുമായി ബന്ധപ്പെട്ട് രാകേഷ് റാത്തോഡ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബഞ്ച് തള്ളിയതിന് പിന്നാലെയാണ് പൊലീസ് നടപടി.
രണ്ടാഴ്ച്ചക്കകം സിതാപൂർ കോടതിയിൽ കീഴടങ്ങാനും ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. സ്വന്തം വസതിയിൽ വച്ചു റാത്തോഡ് വാർത്ത സമ്മേളനം നടത്തുന്നതിനിടെ നാടകീയമായാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നോട്ടീസ് നൽകി രണ്ടാഴ്ച പിന്നിട്ടിട്ടും റാത്തോഡ് സഹകരിക്കാൻ തയ്യാറായില്ലെന്നാണ് പോലീസിന്റെ വിശദീകരണം.