ഹൈദരാബാദ്. തെലങ്കാനയിലെ നല്ലഗൊണ്ടയിൽ ഈ മാസം 18ന് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ യുവാവ് മലയാളിയെന്ന് സംശയം. യുവാവ് ധരിച്ച ഷർട്ട് കേരളത്തിൽ നിന്ന് വാങ്ങിയതാണെന്ന് സ്ഥിരീകരിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. അന്വേഷണത്തിനായി തെലങ്കാന പൊലീസ് കേരള പൊലീസിന്റെ സഹായം തേടി
ഈ മാസം 18നാണ് ഗുറംപോടുള്ള കനാൽ കരയിൽ നിന്ന് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഏകദേശം മുപ്പതിനും നാൽപതിനും ഇടയിൽ പ്രായമുണ്ടാകുമെന്നാണ് നിഗമനം. കൊലപാതകമാണെന്ന് പോസ്റ്റ്‌മോർട്ടത്തിലൂടെ സ്ഥിരീകരിച്ചു. എന്നാൽ മൃതദേഹം അഴുകിയ നിലയിലായതിനാൽ കൊല്ലപ്പെട്ടത് ആരെണെന്ന് കണ്ടെത്താനായില്ല. ഒടുവിലാണ് യുവാവ് ധരിച്ചിരുന്ന പീറ്റർ ഇംഗ്ലണ്ട് ബ്രാൻഡ് ഷർട്ടിന്റെ സ്റ്റൈൽ കോഡ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ഇതിനായി കമ്പനിയുടെ സഹായവും തേടി. ഈ സ്റ്റൈൽ കോഡ് പ്രകാരമുള്ള ഷർട്ട് കേരളത്തിൽ മാത്രമാണ് വിറ്റതെന്ന വിവരമാണ് കമ്പനിയിൽ നിന്ന് പൊലീസിന് ലഭിച്ചത്
തുടർ അന്വേഷണത്തിനായി തെലങ്കാന പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. കൊല്ലപ്പെട്ടയാളെ ഏതെങ്കിലും രീതിയിൽ തിരിച്ചറിയുന്നവർ അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്ന് തെലങ്കാന പൊലീസ് അറിയിച്ചു