ഗുജറാത്ത് വംശഹത്യയെ അതിജീവിച്ച, ഇരകളുടെ നീതിക്ക് വേണ്ടി പോരാടിയ സാക്കിയ ജാഫ്രി അന്തരിച്ചു

Advertisement

ഗുജറാത്ത് വംശഹത്യയെ അതിജീവിച്ച, ഇരകളുടെ നീതിക്ക് വേണ്ടി പോരാടിയ സാക്കിയ ജാഫ്രി അന്തരിച്ചു. വംശഹത്യക്കിടെ ഹിന്ദുത്വ കലാപകാരികളാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യയാണ് സാക്കിയ ജാഫ്രി. ‘മനുഷ്യാവകാശ സമൂഹത്തിന്റെ അനുകമ്പയുള്ള നേതാവായ സാക്കിയ അപ്പ വെറും മുപ്പത് മിനിറ്റ് മുമ്പ് അന്തരിച്ചുവെന്ന്’ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദാണ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്.
2002-ല്‍ ഗുജറാത്തിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ വെച്ചായിരുന്നു മറ്റ് 68 പേര്‍ക്കൊപ്പം ഇസ്ഹാന്‍ ജാഫ്രി കൊല്ലപ്പെടുന്നത്. ഇതിന് ശേഷം, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുജറാത്ത് വംശഹത്യയില്‍ പങ്കുണ്ടെന്നും അവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണം എന്നുമാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയതോടെയാണ് സാക്കിയ ജാഫ്രി രാജ്യത്തിന്റെ ശ്രദ്ധയിലേയ്ക്ക് വന്നത്. ഗുല്‍ബര്‍ഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകള്‍ പുനരന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത് സാക്കിയ അടക്കം നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്നായിരുന്നു.
പിന്നീട് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. അന്വേഷക സംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ സാക്കിയ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അപ്പീല്‍ തള്ളിയിരുന്നു.

Advertisement