57 അക്ഷരങ്ങൾ! ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പേരുള്ള റെയിൽവേ സ്റ്റേഷൻ ഏതാണെന്ന് അറിയാമോ?

Advertisement

ചെന്നൈ: വടക്ക് കശ്മീർ മുതൽ തെക്ക് കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുന്ന വലിയ റെയിൽവേ ശൃംഖലയാണ് ഇന്ത്യയിലുള്ളത്. തിരക്കേറിയ മെട്രോപൊളിറ്റൻ നഗരങ്ങൾ മുതൽ വിദൂര ഗ്രാമ പ്രദേശങ്ങൾ വരെ വ്യാപിച്ചുകിടക്കുന്ന റെയിൽവേ ശൃംഖലയാണ് ഇന്ത്യയിലേത്. രാജ്യത്തുടനീളം 7,300-ലധികം സ്റ്റേഷനുകളും 15,000-ത്തിലധികം റെയിൽവേ പ്ലാറ്റ്‌ഫോമുകളുമുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് ദിവസേന ഇന്ത്യയിൽ ട്രെയിൻ യാത്ര നടത്തുന്നത്. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ ന​ഗരങ്ങളിലാണ് ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളുള്ളത്.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പേരുള്ള റെയിൽവേ സ്റ്റേഷൻ ഏതാണെന്ന് അധികമാർക്കും അറിയില്ല. തമിഴ്‌നാട്ടിലാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട്ടിലെ പുരട്ചി തലൈവർ ഡോ. എം.ജി. രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്‌റ്റേഷനാണ് രാജ്യത്തെ എല്ലാ റെയിൽവേ സ്‌റ്റേഷനുകളിലും വെച്ച് ഏറ്റവും നീളം കൂടിയ പേരുള്ളത്. ഈ സ്റ്റേഷൻ്റെ പേരിന് ആകെ 57 അക്ഷരങ്ങളുണ്ട്. ആദ്യം മദ്രാസ് സെൻട്രൽ എന്നും പിന്നീട് ചെന്നൈ സെൻട്രൽ എന്നുമാണ് ഈ സ്റ്റേഷൻ അറിയപ്പെട്ടത്.

മുൻ മുഖ്യമന്ത്രി എംജി രാമചന്ദ്രനോടുള്ള ബഹുമാനാർത്ഥമാണ് സ്റ്റേഷൻ്റെ പേര് മാറ്റാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്. തമിഴ്‌നാട്ടിലെ എഐഎഡിഎംകെ സർക്കാരിൻ്റെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിനെ തുടർന്ന് 2019-ൽ ചെന്നൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷൻ്റെ പേര് പുരട്ച്ചി തലൈവർ ഡോ. എംജി രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്‌റ്റേഷൻ എന്നാക്കി മാറ്റുകയായിരുന്നു. ഇത് ചെന്നൈയെ മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവയുൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളുമായും രാജ്യത്തുടനീളമുള്ള മറ്റ് പ്രദേശങ്ങളുമായും ബന്ധിപ്പിക്കുന്നു.

വാസ്തുശില്പിയായ ജോർജ്ജ് ഹാർഡിംഗ് രൂപകല്പന ചെയ്ത റെയിൽവേ സ്റ്റേഷൻ്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം ചെന്നൈയിലെ ഏറ്റവും പ്രധാനപ്പെട്ട ലാൻഡ്മാർക്കുകളിൽ ഒന്നാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നുകൂടിയാണ് പുരട്ചി തലൈവർ ഡോ. എം.ജി. രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്‌റ്റേഷൻ. നേരത്തെ, ആന്ധ്രാപ്രദേശിലെ വെങ്കിട്ടനരസിംഹരാജുവരിപേട്ട റെയിൽവേ സ്‌റ്റേഷനായിരുന്നു ഇന്ത്യയിലെ സ്റ്റേഷനുകളിൽ ഏറ്റവും നീളം കൂടിയ പേര് ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here