ന്യൂ ഡെൽഹി : ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ കേരളത്തെ പരിഹസിച്ചും ആദിവാസി വകുപ്പ് ഉന്നത കുലജാതര്‍ ഭരിച്ചാലേ പുരോഗതിയുണ്ടാകൂ എന്ന വിവാദ പ്രസ്ഥാവനയുമായി നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. ഗോത്ര വകുപ്പ് ബ്രാഹ്‌മണര്‍ ഭരിക്കട്ടെയെന്നും, ഉന്നതകുലജാതര്‍ ആദിവാസി വകുപ്പിന്റെ ചുമതലയില്‍ വന്നാല്‍ ആദിവാസി മേഖലയില്‍ പുരോഗതിയുണ്ടാകുമെന്നും ഗോത്ര വിഭാഗങ്ങളുടെ കാര്യം ബ്രാഹ്‌മണനോ നായിഡുവോ നോക്കണമെന്നുമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത്.
തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അത് പലതവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഡല്‍ഹി മയൂര്‍ വിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“കേരളത്തിന് എന്ത് വേണമെന്ന് ചുമ്മാ പുലമ്പൽ നടത്തിയാൽ പോരാ. ബജറ്റ് വകയിരുത്തൽ ഓരോ മേഖലയിലേക്കാണ്. കേരളം നിലവിളിക്കുകയല്ല വേണ്ടത്, കിട്ടുന്ന ഫണ്ട് കൃത്യമായി ചിലവഴിക്കണം. ബീഹാറെന്നും കേരളം എന്നും ഇന്നലത്തെ ബജറ്റിൽ വേർതിരിച്ച് കണ്ടിട്ടില്ല. 2047ൽ ഇന്ത്യ വികസിത രാജ്യമാക്കുമെന്ന പ്രഖ്യാപനം പ്രാവർത്തികമാക്കിയിരിക്കും. ഇന്നലെ അവതരിപ്പിച്ച ബജറ്റ് അതിലേക്ക് ഉള്ളതാണെന്നും” സുരേഷ് ഗോപി പറഞ്ഞു.
”2016 മുതല്‍ പ്രധാനമന്ത്രി മോദിയോട് എനിക്ക് ആദിവാസി വകുപ്പ് തരൂവെന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍, നമ്മുടെ നാട്ടിലെ ഒരു ശാപമാണ്, ട്രൈബല്‍ ക്യാബിനറ്റ് മന്ത്രി ഒരിക്കലും ട്രൈബല്‍ അല്ലാത്ത ഒരാള്‍ ആകില്ലെന്നത്. എൻ്റെ സ്വപ്‌നമാണ്, ഒരു ഉന്നതകുല ജാതന്‍ അവരുടെ ഉന്നമനത്തിന് വേണ്ടി ട്രൈബല്‍ മന്ത്രിയാകണം. ട്രൈബല്‍ മന്ത്രിയാകാന്‍ ആളുണ്ടെങ്കില്‍ അദ്ദേഹത്തെ മുന്നോക്ക ജാതികളുടെ ഉന്നമനത്തിനുള്ള മന്ത്രിയാക്കണം. ഈ പരിവര്‍ത്തനം നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ ഉണ്ടാകണം” ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
സുരേഷ് ഗോപിയുടെ പ്രസ്താവന ഭരണഘടന ലംഘനവും കോടിക്കണക്കിന് ജനങ്ങളോടുള്ള അവഹേളനവും ആണെന്ന് കെ.രാധാകൃഷ്ണൻ എം പി പറഞ്ഞു.സുരേഷ് ഗോപി ചാതുർവർണ്യത്തിൻ്റെ കുഴലൂത്ത് കാരനായെന്നും
ഭരണഘടനയോടും നാടിനോടും സുരേഷ് ഗോപി തെറ്റ് ചെയ്തന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ആദിവാസികളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് ഇത്തരം പ്രസ്താവനയ്ക്ക് പിന്നിലെന്നും ഇക്കാലമത്രയും ഉന്നതകുലജാതർ ആയി
രുന്നല്ലോ വകുപ്പ് ഭരിച്ചിരുന്നതെന്നും ആദിവാസി സമൂഹം വംശഹത്യ നേരിടുകയാണെന്നും എൻ ഡി എ ഘടകകക്ഷി നേതാവ് സി കെ ജാനു പറഞ്ഞു.