ഗതാഗത നിയമലംഘനത്തിന് പിഴ, ഫോണിൽ മെസേജ് വന്നു, പണമടയ്ക്കാൻ ശ്രമിച്ചു; പിന്നെ നടന്നത് 70,000 രൂപയുടെ ഇടപാടുകൾ

Advertisement

ബംഗളുരു: ഗതാഗത നിയമ ലംഘനത്തിന് പിഴയുണ്ടെന്ന് കാണിച്ച് ഫോണിൽ ലഭിച്ച സന്ദേശം വഴി യുവാവിന് 70,000 രൂപ നഷ്ടമായി. ബംഗളുരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 42കാരനാണ് വാട്സ്ആപ് വഴി ലഭിച്ച മെസേജിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിന് ഇരയായത്. തുടർന്ന് ഇലക്ട്രോണിക് സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

സൗത്ത് ഈസ്റ്റ് ബംഗളുരുവിലെ സിംഗസാന്ദ്രയിൽ താമസിക്കുന്ന ഹരികൃഷ്ണന് 8318732950 എന്ന നമ്പറിൽ നിന്നാണ് വാട്സ്ആപ് മെസേജ് ലഭിച്ചത്. അദ്ദേഹത്തിന്റെ വാഹനത്തിന്റെ നമ്പർ തന്നെയായിരുന്നു മെസേജിൽ. താങ്കളുടെ ഉടമസ്ഥതയിലുള്ള വാഹനം നടത്തിയ ഗതാഗത നിയമ ലംഘനത്തിന്റെ പേരിൽ KA46894230933070073 എന്ന നമ്പറിൽ ചെല്ലാൻ ഇഷ്യൂ ചെയ്തിട്ടുണ്ടെന്നും പിഴ അടയ്ക്കണമെന്നുമായിരുന്നു സന്ദേശം. ഓൺലൈനായി ഫൈൻ അടയ്ക്കാനുള്ള ഒരു ലിങ്കും നൽകി. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ വാഹൻ പരിവാഹൻ എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുനുള്ള ഒരു apk ഫയലാണ് ഡൗൺലോഡായത്. ഇതിൽ ക്ലിക്ക് ചെയ്തപ്പോൾ ഇത്തരം ഫയലുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് അപകടകരമാണെന്ന തരത്തിൽ ഫോണിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചെങ്കിലും അത് അവഗണിച്ച് ഇൻസ്റ്റലേഷൻ പൂ‍ർത്തിയാക്കി.

ആപ് ഇൻസ്റ്റാൾ ആയി കഴി‌ഞ്ഞതും ഫോണിൽ ഒടിപി മെസേജുകൾ വരാൻ തുടങ്ങി. ഫോണിന്റെ നിയന്ത്രണം നഷ്ടമാവുകയും ചെയ്തു. പിന്നീട് നടന്നതാവട്ടെ ഇയാളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 70,000 രൂപയുടെ ഇടപാട് നടത്തിയെന്ന അറിയിപ്പ് വന്നു. ഒരു ഇ-കൊമേഴ്സ് കമ്പനിയിൽ നിന്ന് പർച്ചേയ്സ് നടത്തിയെന്നാണ് മെസേജിൽ പറഞ്ഞിരുന്നത്. ഇതിന് പുറമെ യുവാവിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ ശ്രമിക്കുന്നതായി ബാങ്കിൽ നിന്നുള്ള അറിയിപ്പ് കിട്ടി. ഭാര്യ ഉപയോഗിച്ചിരുന്ന ചില ആപ്പുകളിൽ തന്റെ മൊബൈൽ നമ്പറാണ് കൊടുത്തിരുന്നതെന്ന് യുവാവ് പറഞ്ഞു.

ഉടണ തന്നെ ബാങ്കിനെ സമീപിച്ച് ഇടപാട് റദ്ദാക്കാനുള്ള അപേക്ഷ കൊടുത്തു. പിന്നാലെ സൈബർ ഹെൽപ്‍ലൈനിൽ പരാതി നൽകി. അതിനും ശേഷമാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ഭാരതീയ ന്യായ സംഹിതയിലെയും ഐടി നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. വാട്സ്ആപ് വഴിയും എസ്എംഎസ് വഴിയുമൊക്കെ ലഭിക്കുന്ന സന്ദേശങ്ങളിലെ എപികെ ഫയലുകളിൽ ക്ലിക്ക് ചെയ്യരുതെന്നും പൊലീസ് പൊതുജനങ്ങളോട് നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here